ആലപ്പുഴ: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു. ആലപ്പുഴ ചെട്ടികാട് കെട്ടിട നിര്‍മാണ ജോലിക്കിടെ ഇലക്ട്രീഷ്യനായ സുഭാഷ് (34) ആണ് കുഴഞ്ഞു വീണുമരിച്ചത്. സുഭാഷിന് ഹൃദയാഘാതവുമുണ്ടായെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.
പാലക്കാട് ഉഷ്ണ തരംഗത്തില്‍ വീടിനകത്ത് കിടന്നുറുങ്ങിയ വയോധികന് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി സ്വദേശി ക്യാപ്റ്റന്‍ സുബ്രമണ്യനാണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉറങ്ങി എഴുന്നേറ്റപ്പോഴാണ് കൈയ്യില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. തുടര്‍ന്നുള്ള പരിശോധനയില്‍ വലതു കൈയില്‍ പൊള്ളിയ പാട് കണ്ടെത്തി. വീടിനു ചുറ്റും മരങ്ങള്‍ ഉള്ളതിനാല്‍ ജനലുകള്‍ തുറന്നിട്ട നിലയിലായിരുന്നു.
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമീകരണം മേയ് 15 വരെ നീട്ടിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ വെയിലത്തു പണിയെടുക്കുന്നതു കണ്ടെത്തിയാല്‍ തൊഴിലുടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള, സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.