ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഇപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ പകുതി പിന്നിട്ടിരിക്കുന്നു. ഫലുകളുടെ നീക്കവും, ജനങ്ങളുടെ ദുരിതവും എവിടെയെത്തി എന്നൊരു വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്. പ്രോഗ്രസ് കാര്‍ഡൊന്നും ഇറക്കേണ്ടതില്ല. സ്വയം വിലയിരുത്തലുകളും സ്വയം വിമര്‍ശനവുമായി മുന്നോട്ടു വരികയാണ് വേണ്ടത്. ഓരോ മന്ത്രിമാരുടെയും വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫലുകള്‍ എത്രയെന്ന് അവരവര്‍ മനസ്സിലാക്കുകയും കാര്യക്ഷമമായി അത് തീര്‍പ്പാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് വേണ്ടത്.
ഓരോ ജീവിതങ്ങളും ഫയലുകളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയപ്പോള്‍ ആദ്യം നടത്തിയ വാര്‍ത്താസമ്മേളത്തില്‍ മുഖ്യമന്ത്രി തന്നെ പറഞ്ഞ വാക്കിന് വിലകല്‍പ്പിച്ചാല്‍ മതിയാകും. വസ്തുതകള്‍ നിരത്തിആരോപണങ്ങളെ പ്രതിരോധിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുമ്പില്‍ വെയ്ക്കാനുള്ള കണക്ക്, ഭരണസിരാ കേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണമാണ്. ഫയലുകളുടെ എണ്ണം എന്നു പറയുന്നതിനേക്കാള്‍ നല്ലത്, ജീവിതങ്ങള്‍ എന്നു പറയുന്നതാണ്. അങ്ങനെ കെട്ടിക്കിടക്കുന്ന ജീവിതങ്ങളുടെ എണ്ണം 14.78 ലക്ഷമാണ്( ഫയലുകള്‍).
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍പ്പോലും തീര്‍പ്പാക്കാന്‍ കഴിയാത്തവിധം ഫയലുകള്‍ കൂടിക്കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാര്‍ക്കും ഉണ്ടായ തിരക്കുകള്‍ പരിഗണിക്കുമ്പോള്‍ ഫയലുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഫയലുകള്‍ ജീവിതങ്ങളാണെന്ന് മറന്നു പോയതാണോ എന്ന് ഇടതുപക്ഷ മുന്നണിയാണ് പറയേണ്ടത്. ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടന്നാല്‍, ജീവിതങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നു എന്നാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു, റവന്യൂ മന്ത്രി കെ. രാജന്‍ എന്നിവരുടെ വകുപ്പുകളിലാണ് കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത്. കേരളീയം, നവകേരള സദസ് തുടങ്ങിയ പരിപാടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും തിരക്കിലായതോടെയാണ് ഫയലുകള്‍ കുന്നു കൂടിയത്.
ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്ന റവന്യൂ, ആരോഗ്യം, പോലിസ്, തദ്ദേശ ഭരണം, പൊതുവിഭ്യാഭ്യാസം, പട്ടികജാതി, ഉന്നത വിദ്യാഭ്യാസം, പൊതുഭരണം എന്നീ വകുപ്പുകളില്‍ ഫലുകള്‍ നീങ്ങാതെ വന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്ന മന്ത്രിമാര്‍ക്ക് അറിയാവുന്നതാണ്. അധികാരത്തില്‍ വരുന്നതിനു മുമ്പ് ഈ മന്ത്രിമാരെല്ലാം ജനങ്ങളുടെ വിഷയങ്ങളില്‍ ഇടപെട്ട് ഈ വകുപ്പുകളിലെ ഓഫീസുകളില്‍ പരാതി പരിഹരിക്കാന്‍ പോയിട്ടുള്ളവരാണ്.
പക്ഷെ, ആ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ മന്ത്രിമാരായപ്പോള്‍ ജനങ്ങളുടെ ഫയലുകളില്‍ അടയിരിക്കാന്‍ തുടങ്ങി. അങ്ങനെ 14.78 ലക്ഷം ഫയലുകള്‍ സെക്രട്ടേറിയറ്റിന്റെ ഇടനാഴികളില്‍ തീരുമാനമാകാതെ കുന്നുകൂടി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം കൂടി നിലവില്‍ വന്നതോടെ ഫയലുകളുടെ എണ്ണം വര്‍ദ്ധിച്ചു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍ മല്‍സരിക്കാന്‍ പോയതോടെയാണ് പട്ടികജാതി വകുപ്പില്‍ കെട്ടി കിടക്കുന്ന ഫയലുകളുടെ എണ്ണം കൂടിയത്. കുട്ടികള്‍ക്ക് വെക്കേഷന്‍ ആയതിനാല്‍ പല മുതിര്‍ന്ന ഉദ്യോഗസ്ഥരും ലീവെടുത്ത് ടൂറിലാണ്. ഫയലുകള്‍ മെയ് മാസവും സെക്രട്ടറിയേറ്റില്‍ ഉറങ്ങുമെന്ന് വ്യക്തം.
എന്നാല്‍, ഫയലുകള്‍ കുന്നുകൂടിയതോടെ ഫയല്‍ തീര്‍പ്പാക്കല്‍ മേള നടത്താന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി. ഇതിനുള്ള നിര്‍ദ്ദേശം ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നല്‍കി കഴിഞ്ഞു. എന്നുതൊട്ടാണ് ഫല്‍ തീര്‍പ്പാക്കല്‍ യജ്ഞമെന്ന് തീരുമാനിച്ചിട്ടില്ല. പക്ഷെ, എത്ര കഷ്ടപ്പെട്ടാലും ഫയലുകള്‍ പൂര്‍ണ്ണമായും തീര്‍ക്കാനാവില്ല. കാരണം, നടപടിക്രമങ്ങളും ഉദ്യോഗസ്ഥരുടെ ഉദാസീന നിലപാടും ഒത്തുചേരുമ്പോള്‍ വലയുന്നത് സാധാരണക്കാരാണ്. കേരളം നമ്പര്‍ വണ്‍ ആണെന്നു ഫറയുമ്പോഴും ഫയല്‍നീക്കം കാര്യക്ഷമമാക്കാന്‍ ബ്രിട്ടീഷുകാര്‍ ആവിഷ്‌ക്കരിച്ച രീതിയാണ് ഇപ്പോഴും സെക്രട്ടേറിയറ്റില്‍ പിന്തുടരുന്നത് എന്നതാണ് സത്യം.
നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് ബ്രിട്ടിഷുകാര്‍ ഈ സംവിധാനം കൊണ്ടുവന്നതെങ്കില്‍, ഉദ്യോഗസ്ഥരുടെയും മാറി മാറി വരുന്ന സര്‍ക്കാരുകളുടേയും നിലപാടുകള്‍ ആ സംവിധാനത്തെ തകര്‍ത്തു. ഇ-ഓഫിസ് നിലവില്‍ വന്നിട്ടും ഫയല്‍ നീക്കം കാര്യക്ഷമമല്ലാതായി. ഓഫിസുകള്‍ കയറിയിറങ്ങി വലയുന്നത് സാധാരണക്കാരും.
ഒരു സാധാരണക്കാരന്റെ ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട ഫയലാണ് കെട്ടിക്കിടക്കുന്നതില്‍ ഉള്ളതെന്നു കരുതുക. അത് എങ്ങനെയാണ് കെട്ടിക്കിടക്കുന്ന ഫയലുകളില്‍ എത്തിപ്പെട്ടതെന്നു നോക്കാം:
ക്ഷേമ പെന്‍ഷന് അര്‍ഹനാണെന്നു കാട്ടി ഒരു അപേക്ഷ മുഖ്യമന്ത്രിക്ക് കിട്ടുന്നു. മുഖ്യമന്ത്രി അത് കണ്ടശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ട വകുപ്പിലേക്ക് ആ പരാതി അയയ്ക്കും. ക്ഷേമ പെന്‍ഷന്റെ പരാതി ആണെങ്കില്‍ അത് ധവകുപ്പിലോ, സാമൂഹ്യക്ഷേമ വകുപ്പിലോ എത്തും. അവിടുത്തെ സെക്രട്ടറി കാണേണ്ട പരാതിയാണെങ്കില്‍ അദ്ദേഹം കണ്ടശേഷം ബന്ധപ്പെട്ട സെക്ഷനിലേക്ക് അയയ്ക്കും. ചില ഫയലുകള്‍ സെക്രട്ടേറി നേരിട്ടു സെക്ഷനിലേക്ക് അയയ്ക്കാതെ താഴെയുള്ള ഓഫിസര്‍മാര്‍ വഴിയും സെക്ഷനിലേക്ക് അയയ്ക്കാറുണ്ട്.
അസിസ്റ്റന്റാണ് പരാതിയിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഫയല്‍ രൂപീകരിക്കുന്നത്. ഫയലിന് ഒരു നമ്പര്‍ നല്‍കും. ഫയല്‍ ഏതുവകുപ്പിന്റേതാണെന്ന് ഈ നമ്പരിലൂടെ തിരിച്ചറിയാം. ഇ-ഫയല്‍ വന്നതോടെ കംപ്യൂട്ടറാണ് നമ്പര്‍ നല്‍കുന്നത്. ക്ഷേമ പെന്‍ഷന്‍ ഫയലായതിനാല്‍ രേഖകള്‍ ആവശ്യമാണ്. ഈ രേഖകള്‍ ലഭിക്കുന്നത് കലക്ടറേറ്റു വഴിയാണ്. അസിസ്റ്റന്റിന് കലക്ടറേറ്റിലേക്ക് നേരിട്ട് എഴുതാനാകില്ല. അതിന് അണ്ടര്‍ സെക്രട്ടറിയുടെ അംഗീകാരം വേണം. ചില ഫയലുകള്‍ സെക്രട്ടറിയുടെ അംഗീകാരത്തോടെ മാത്രമേ മറ്റു വകുപ്പുകളിലേക്ക് അയയ്ക്കാന്‍ കഴിയൂ.
അതിനായി ഫയല്‍ വീണ്ടും മുകളിലേക്ക് പോകും. അവര്‍ അംഗീകരിച്ച ശേഷം വീണ്ടും വിവിധ ഉദ്യോഗസ്ഥരിലൂടെ ഇത് അസിസ്റ്റന്റിന്റെ കയ്യിലെത്തും. അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ കണ്ടശേഷം ഓഫിസ് സെക്ഷനിലേക്ക് ഫയല്‍ അയയ്ക്കും. അവിടെനിന്ന് കത്തായി കലക്റ്ററേറ്റിലേക്ക് പോകും. കലക്ടറേറ്റില്‍ ഇതു സംബന്ധിച്ച രേഖകളില്ലാത്തതിനാല്‍ കലക്ടറ്ററേറ്റിലെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസിലേക്ക് അയയ്ക്കും. അവിടെനിന്ന് പരാതിക്കാരന്റെ വിവരങ്ങളും രേഖകളും ശേഖരിക്കും. ഇതിനുശേഷം വിവിധതലത്തിലെ ഉദ്യോഗസ്ഥര്‍ കണ്ടശേഷം കലക്ടറേറ്റിലെത്തും. അവിടെനിന്ന് സെക്രട്ടേറിയറ്റിലെ ഫയല്‍വന്ന സെക്ഷനിലെത്തും.
രേഖകളെല്ലാം ശരിയാണെങ്കില്‍ അത് സെക്ഷന്‍ ഓഫിസര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ കണ്ടശേഷം പരാതിക്കാരന്‍ നിവേദനം നല്‍കിയ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തും. പരാതിയില്‍ എക്‌സാമിന്‍ (പരിശോധിക്കുക) എന്നു മുഖ്യമന്ത്രി എഴുതിയാല്‍ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥതലത്തില്‍ പ്രശ്‌നം പരിഹരിച്ചാല്‍ മതിയാകും. എക്‌സാമിന്‍ ആന്റ് പുട് അപ് (പരിശോധിച്ചശേഷം തിരികെ അയയ്ക്കുക) എന്നാണെങ്കില്‍ ഫയല്‍ മുഖ്യമന്ത്രി കാണണം. മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിക്കുന്ന ഫയലുകളും മുഖ്യമന്ത്രി കാണേണ്ടതുണ്ട്.
കലക്ടറ്ററേറ്റില്‍നിന്ന് ലഭിച്ച രേഖകളില്‍ ചില രേഖകള്‍ കാണാനില്ലെങ്കിലോ എന്തെങ്കിലും തടസമുണ്ടെങ്കിലോ വീണ്ടും ഫയല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ടശേഷം കലക്ടറേറ്റിലേക്ക് പോകും. പോയ വഴികളിലൂടെയെല്ലാം ഫയല്‍ വീണ്ടും സഞ്ചരിക്കും. ഫയല്‍ നീക്കം തടസപ്പെടുന്നത് ഉദ്യോഗസ്ഥര്‍ അനാവശ്യമായി തടസവാദം ഉന്നയിക്കുന്നതിനാലാണ്. ‘ക്വറി’ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഒടുവില്‍ രേഖകളെല്ലാം ലഭിച്ച് സെക്രട്ടേറിയറ്റിലെത്തുന്ന ഫയല്‍ അസിസ്റ്റന്റ് മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ കണ്ടശേഷം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തും.
മുഖ്യമന്ത്രി അംഗീകരിക്കുന്നതോടെ ഫയല്‍ വീണ്ടും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയുടെ ഓഫിസിലെത്തും. അവിടെനിന്ന് ഫയല്‍ വീണ്ടും താഴേക്ക് സഞ്ചരിക്കും. ഏതു തലത്തിലുള്ള ഉദ്യോഗസ്ഥനാണോ ഉത്തരവ് ഇറക്കേണ്ടത് അവര്‍ ഉത്തരവിറക്കി സെക്ഷനിലേക്ക് അയയ്ക്കും (സംസ്ഥാന വ്യാപകമായി ശ്രദ്ധിക്കേണ്ട വിഷയങ്ങളിലെ ഉത്തരവ് ചീഫ് സെക്രട്ടറി, അഡീ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി തലത്തിലാണ് ഇറങ്ങുന്നത്). ഗവര്‍ണറുടെ പേരിലാണ് എല്ലാ ഉത്തരവുകളും.
പരാതിക്കാരനും മുഖ്യമന്ത്രിയുടെ ഓഫിസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് നല്‍കും. ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ സൂക്ഷിക്കുന്നതും പല രീതിയിലാണ്. ജി.ഒ ‘ആര്‍.ടി’ എന്ന നമ്പരിലുള്ള ഫയലുകള്‍ 5 വര്‍ഷമാണ് സൂക്ഷിക്കുന്നത്. ‘എം.എസ്’ നമ്പരിലുള്ള ഫയലുകള്‍ 15 വര്‍ഷവും ‘പി’ നമ്പരിലുള്ള ഫയലുകള്‍ സ്ഥിരമായും സൂക്ഷിക്കണം. ഇ-ഫയല്‍ വന്നതോടെ ഈ രീതിയില്‍ മാറ്റമുണ്ട്.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ വിന്യാസം ഇങ്ങനെ; ചീഫ് സെക്രട്ടറി, അഡീ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി, സ്‌പെഷല്‍ സെക്രട്ടറി, അഡീ. സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി, സെക്ഷന്‍ ഓഫിസര്‍, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്. ഇതിലൂടെയെല്ലാം അലഞ്ഞു തിരിയുന്ന സാധാരണക്കാരന്റെ ഫയലിന്റെ അവസ്ഥയാണ് കാണേണ്ടത്.