ആരും കേറല്ലേ! ഇത് പൊട്ടിയിട്ടുണ്ട്; തുടക്കത്തിലേ പാളിയ ആകാശ വിസ്മയം

വലിയ പരസ്യപ്രചാരണങ്ങളോടെ ആരംഭിക്കുന്ന വിനോദ സഞ്ചാര മേഖലയിലെ പദ്ധതികള്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ പിന്നിലാണ്. വര്‍ക്കലയിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് അപകടത്തിനു കാരണവും ഇതാണ്. വലിയ തിരമാലകളെ അതിജീവിക്കാന്‍ കഴിയാതെ പാലം തകര്‍ന്നാണ് അപകടം സംഭവിച്ചത്. പി.എ മുഹമ്മദ് റിയാസ് വിനോദ സഞ്ചാര വകുപ്പു മന്ത്രിയായതിനു ശേഷമാണ് പുതിയ പദ്ധതികള്‍ കൊണ്ടുവരാന്‍ മുന്‍കൈയ്യെടുത്തത്. ഇതാ കേരളത്തിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷുകളില്‍ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ്സ് ബ്രിഡ്ജ് പദ്ധതി തിരുവനന്തപുരം ആക്കുളത്തും ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍, ഉദ്ഘാടനത്തിനു മുമ്പു തന്നെ ഈ ഗ്ലാസ്സ്ബ്രിഡ്ജ് പൊട്ടിയിരിക്കുകയാണ്. പിന്നാലെ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് കൊട്ടിഘോഷിച്ച് ആക്കുളം വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിര്‍മ്മിച്ച കണ്ണാടി പാലവും തകര്‍ന്നു. ആര്‍ഭാടത്തോടെ ഉദ്ഘാടനത്തിനൊരുങ്ങവെയാണ് പാലം തകര്‍ന്നത്. ആരും കയറാതെതന്നെ പാലത്തില്‍ ഇട്ടിരിക്കുന്ന കണ്ണാടി തര്‍ന്നതില്‍ ദുരൂഹതയുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് ആള്‍ക്കാര്‍ കയറവെയാണ് ഈ തകര്‍ച്ചയുണ്ടായതെങ്കില്‍ വന്‍ അപകടം തന്നെ ഉണ്ടാകുമായിരുന്നു.

പാലത്തിലേയ്ക്ക് കയറുന്ന ഭാഗത്താണ് ഗ്ലാസ്സ് തകര്‍ന്നത്. ഭാരം കൂടിയ ഏതെങ്കിലും വസ്തു ഗ്ലാസ്സിന് മീതെ വീഴാനുള്ള സാഹചര്യവുമില്ല. ആരും ഇവിടേയ്ക്ക് കയറിയതായും വിവരമില്ല. ഇതേസാഹചര്യത്തില്‍ പാലത്തിലെ കണ്ണാടി തകര്‍ന്നതോടെ കണ്ണാടിയുടെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെടുകയാണ്. സാഹസിക വിനോദം ലക്ഷ്യമിട്ട് 75 അടി ഉയരവും 52 മീറ്റര്‍ നീളത്തിലുമാണ് കണ്ണാടി പാലം നിര്‍മ്മിച്ചത്. ചൈന മാതൃകയില്‍ എല്‍ഇഡി സ്‌ക്രീന്‍ ഉപയോഗിച്ച് പാലത്തിലേയ്ക്ക് കയറുമ്പോള്‍ ശബ്ദത്തോടെ ചില്ല് തകരുന്ന കാഴ്ചയും പാലത്തിനുണ്ട്.

ഒരേ സമയം 20 പേര്‍ക്ക് പാലത്തില്‍ക്കൂടി സഞ്ചരിക്കാനും കഴിയും. കഴിഞ്ഞ മാര്‍ച്ച് 13ന് ഇത് ഉദ്ഘാടനം ചെയ്യണ്ടതായായിരുന്നു. എന്നാല്‍ വര്‍ക്കലയില്‍ ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഉദ്ഘാടനം മാറ്റുകയായിരുന്നു. നിര്‍മ്മാണത്തില്‍ വരുത്തിയ തട്ടിക്കൂട്ടലാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കരിക്കകത്ത് നിര്‍മ്മിച്ച ഉയര്‍ന്നുപൊങ്ങുന്ന പാലം ഉദ്ഘാടന ദിവസംപോലും ഉയര്‍ത്താത്തതും ദുരൂഹത ഉയര്‍ത്തിയിരുന്നു.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കുമാണ് പാര്‍ക്കിന്റെ നടത്തിപ്പും പരിപാലനവും. വട്ടിയൂര്‍ക്കാവ് എം.എല്‍.എ പ്രശാന്തിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐക്കാരുടേതാണ് സൊസൈറ്റി. സര്‍ക്കാര്‍ കരാറുകളില്‍ ഇടനില നിന്ന് പണം തട്ടുകയാണ് സൊസൈറ്റി എന്ന വ്യാപക ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് നിര്‍മ്മിച്ച പാലം തകര്‍ന്നത്.

ടൂറിസം വകുപ്പ് പദ്ധതി ആവിഷ്‌കരിച്ച് നിര്‍മ്മാണ അനുമതി നല്‍കി ഡിറ്റിപിസിക്ക് കൈമാറി. ഡി.റ്റി.പി.സി സൊസൈറ്റിയേയും ഒപ്പം കൂട്ടി വകുപ്പ് മന്ത്രിയുടെ ഇഷ്ടക്കാരന് കരാര്‍ നല്‍കുകയാണുണ്ടായത്. നടത്തിപ്പ് വരവിന്റെ 50 ശതമാനം നടത്തിപ്പ് കാരനും ബാക്കിയുള്ള 50 ശതമാനത്തില്‍ 25 ശതമാനം വീതം സൊസൈറ്റിയും ഡിടിപിസിയും പങ്കിടുന്നതാണ് പാലത്തിന്റെ നടത്തിപ്പ് വ്യവസ്ഥയായി പറയുന്നത്. വലിയ രീതിയില്‍ പാര്‍ട്ടിക്കാര്‍ക്ക് ജോലി ചെയ്യാതെ വരുമാനം തട്ടാനുള്ള പദ്ധതിയാണ് വകുപ്പ് മന്ത്രി ടൂറിസം മേഖലയില്‍ ആവിഷ്‌കരിച്ചതെന്നാണ് ആക്ഷേപം.

സംസ്ഥാനമൊട്ടാകെ ജില്ലാ അടിസ്ഥാനത്തില്‍ പല രൂപത്തിലും ഭാവത്തിലും പദ്ധതികള്‍ നടത്തിയിട്ടുണ്ട്. സി.റ്റി.പി.സിയുടെ തലപ്പത്ത് ഇഷ്ടക്കാരായ ഡിവൈഎഫ്ഐക്കാരെ സെക്രട്ടറിയായി നിയോഗിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കിയതെന്നും ആരോപണമുണ്ട്. ആക്കുളം കണ്ണാടി പാലം പദ്ധതിയില്‍ ഡി.റ്റി.പി.സി മുന്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ നീക്കിയിട്ടുള്ളതെന്ന ആരോപണവും ശക്തമാണ്. കടലില്‍ നിര്‍മ്മിച്ച ഫ്ളോട്ടിംഗ് ബ്രിഡ്ജുകള്‍ തകര്‍ന്നതും വലിയ അഴിമതിയെ തുടര്‍ന്നാണെന്ന് ആരോപണം നിലനില്‍ക്കെയാണ് ഉദ്ഘാടനത്തിന് മുന്നേ കണ്ണാടി പാലവും തകര്‍ന്നത്.

Latest News