കൊല്‍ക്കത്ത: ബി.ജെ.പി കൊല്‍ക്കത്ത നോര്‍ത്ത് സ്ഥാനാര്‍ഥി തപസ് റെയുമായി വേദി പങ്കിടുകയും സ്ഥാനാര്‍ഥിയെ പുകഴ്ത്തുകയും ചെയ്തതിന് പിന്നാലെ തൃണമൂല്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷിനെ പാര്‍ട്ടി സ്ഥാനത്തു നീക്കി. പാര്‍ട്ടിക്ക് നിലപാടിന് അനുയോജ്യമല്ലാത്ത രീതിയില്‍ പ്രസ്താവന നടത്തിയതിനാണ് പുറത്താക്കല്‍.
കൊല്‍ക്കത്ത നോര്‍ത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി തപസ് റേയ്‌ക്കൊപ്പം നേരത്തെ കുനാൽ ഘോഷ് വേദി പങ്കിടുകയും ബിജെപി നേതാവിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായ നിലപാട് കുനാല്‍ ഘോഷ് സ്വീകരിച്ചെന്നാണ് തൃണമൂൽ നിലപാട്. പാര്‍ട്ടിയുടെ വക്താവ് സ്ഥാനത്ത് നിന്നും നേരത്തെ അദ്ദേഹത്തെ നീക്കിയിരുന്നു, ഇപ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നുവെന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് സ്ഥാനം നേരത്തെ കുനാല്‍ ഒഴിഞ്ഞിരുന്നു. കുനാലിന്റേത് വ്യക്തിപരമായി അഭിപ്രായമാണെന്നും പാര്‍ട്ടി നിലപാടായി കാണരുതെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുനാല്‍ ഘോഷ് ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം വേദിപങ്കിട്ടതും പ്രശംസിച്ചതും. തനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന നേതാവാണെന്നും നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ രണ്ടുപേരുടേയും പ്രവര്‍ത്തന മേഖല വ്യത്യസ്ഥമാണെന്നും കുനാല്‍ ഘോഷ് പറഞ്ഞു. മാത്രമല്ല സ്വതന്ത്രവും നീതിയുക്തവുമായി വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്നും കുനാല്‍ ഘോഷ് പറഞ്ഞിരുന്നു. ഇതോടെയാണ് പര്‍ട്ടി നടപടിയുണ്ടായത്.