സുൽത്താൻ ബത്തേരി: വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും. നായ്ക്കട്ടി പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ഗോപി (60) യെയാണ് ജീവപര്യന്തം തടവിനും 1,00000 രൂപ പിഴയടക്കാനും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം.
2022 ജൂൺ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപാനത്തെ തുടർന്ന് വീട്ടിൽ വച്ചുണ്ടായ തർക്കത്തിനൊടുവിൽ 70 വയസുകാരിയായ ഭാര്യ ചിക്കിയെ ഗോപി കൊലപ്പെടുത്തുകയായിരുന്നു. ചിക്കിയുടെ തലയിലും പുറത്തും കൈകാലുകളിലും ക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിനായിരുന്നു ആദ്യം കേസെടുത്തത്.
തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അന്നത്തെ ബത്തേരി ഇൻസ്പെക്ടർ എസ് എച്ച്ഒ ആയിരുന്ന കെ പി ബെന്നിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ശാസ്ത്രീയ തെളിവുകൾ ഉപയോഗിച്ചാണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.