കൂണ് രുചി ഇഷ്ടപ്പെടുന്നവർക്ക് ഒരടിപൊളി റെസിപ്പി നോകിട്ടിയാലോ? പെപ്പര്‍ മഷ്റൂം, തനി മലയാളത്തില്‍ പറഞ്ഞാല്‍ കുരുമുളകിട്ട കൂണ്. തയ്യറാക്കാനും വളരെ എളുപ്പം.
ആവശ്യമായ ചേരുവകൾ
- കൂണ് 200 ഗ്രാം
- സവോള(അരിഞ്ഞത്) -1 വലുത്
- മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
- ഓയില്‍ -3-4ടീസ്പൂണ്‍
- ചുവന്ന മുളക്-നാലെണ്ണം തിരുമ്മിയത്
- നാരങ്ങാനീര്- രണ്ടോ മൂന്നോ തുള്ളി
- കുരുമുളക് പൊടി- രണ്ട് ടീസ്പൂണ്‍
- വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത്- ഒന്നര ടീസ്പൂണ്‍
- കടുക്- ആവശ്യത്തിന്
- കറിവേപ്പില- ഒരു തണ്ട്
- ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കൂണ് നന്നായി വൃത്തിയാക്കി അധികം ചെറുതല്ലാത്ത വിധത്തില്‍ നുറുക്കി വയ്ക്കുക. പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിയ്ക്കുക. ഇതിലേയ്ക്ക് അരിഞ്ഞുവച്ച സവോള ചേര്‍ത്ത് നന്നായി ഇളക്കുക. നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച പേസ്റ്റ് ചേര്‍ത്ത് ഇളക്കുക.
ഒപ്പം തന്നെ മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ചുവന്ന കായമുളക് തിരുമ്മിയത്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് നന്നായി മൊരിയുമ്പോള്‍ ഇതിലേയ്ക്ക് കൂണ് കഷണങ്ങള്‍ ചേര്‍ത്ത് കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക. കരിയാതെ നന്നായി ഇളക്കണം. വേണമെങ്കില്‍ അല്പം വെള്ളംകൂടി ചേര്‍ത്ത് ഇളക്കാം, കൂണ് നന്നായി വെന്തു കഴിയുമ്പോള്‍ നാരങ്ങാ നീര് ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവയ്ക്കുക.
ചോറിനൊപ്പം കഴിയ്ക്കാന്‍ നല്ല അസ്സല് ഒരു തൊടുകറിയാണിത്. വെള്ളം ചേര്‍ക്കാതെ നല്ല ഡ്രൈ ആയിട്ടും ഇതുണ്ടാക്കാം. സാധാരണ ചിപ്പിക്കൂണ്‍ എന്ന പേരില്‍ കിട്ടുന്ന കൂണാണ് ഇതുണ്ടാക്കാന്‍ യോജിച്ചത്. സാധാരണ കൂണ് ഉപയോഗിച്ചും ഉണ്ടാക്കാം.