റെഡ് ഫോര്‍ട്ട് അങ്ങ് ഡെല്‍ഹിയിലല്ല, ഇങ്ങ് കേരളത്തിലുമുണ്ട്. തലസ്ഥാനത്തെ ഗൗരീശപട്ടത്ത്. ഒരുകൂട്ടം സി.പി.എം പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചത്. അതില്‍ പാറിക്കളിക്കുന്നത് ചെങ്കൊടിയും. ചെങ്കോട്ടയില്‍ ചെങ്കൊടിയല്ലാതെ മറ്റെന്താണ് പറക്കേണ്ടതെന്ന് ചോദിക്കുന്ന നല്ല ഉശിരന്‍ കമ്യൂണിസ്റ്റുകളാണ് ഇവിടെയും ചെങ്കോട്ട പണിതത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ചെങ്കോട്ടയുടെ മാതൃകയില്‍ സഖാക്കള്‍, ഇത് നിര്‍മ്മിച്ചത്. തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ഇത് എല്ലാവരെയും ആകര്‍ഷിക്കുകയും ചെയ്തിരുന്നു. വാര്‍ത്തകളില്‍ ഇടംപിടിച്ചൊര സി.പി.എം ബൂത്ത് കമ്മിറ്റി.
ചെങ്കോട്ടയ്ക്കുള്ളില്‍ സജ്ജീകരിച്ചിരുന്ന ലൈബ്രറിയും ചര്‍ച്ചയായിരുന്നു. ആഴ്ചപ്പതിപ്പുകള്‍, പത്രങ്ങള്‍ എന്നിവ വായനയുടെ വിശാല ലോകമാണ് ഒരുക്കിയത്. മുന്‍കാല പാര്‍ട്ടി പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ തൊട്ട്, പാര്‍ട്ടിയുടെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന ഫോട്ടോകളും ചെങ്കോട്ടയെ മനോഹരമാക്കിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ചെങ്കോട്ടയെ നശിപ്പിക്കാന്‍ സഖാക്കള്‍ക്ക് മനസ്സു വന്നില്ല. എന്നാല്‍, ചെങ്കോട്ടയുടെ മാതൃക നിര്‍മ്മിച്ചിരുന്നത്, ഒരു സഹൃദയന്റെ സ്ഥലത്തായതിനാല്‍ അധികനാള്‍ അത് അങ്ങനെതന്നെ ഉപയോഗിക്കാന്‍ കഴിയാത്തതു കൊണ്ടും, തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി മാത്രം നിര്‍മ്മിച്ചതായതു കൊണ്ടും ആ ചെങ്കോട്ട പൊളിച്ചു മാറ്റേണ്ടി വന്നു.
എങ്കിലും ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും ഉള്ളില്‍ ചെങ്കോട്ടയും ചെങ്കൊടിയും പാറി കളിക്കുന്നുണ്ടെന്ന് ഉറപ്പാണ്. അതിരുകള്‍ മാഞ്ഞു പോയി ലോകം ഒന്നാകുമെന്ന് സ്വപ്നം കാണുന്ന സഖാക്കള്‍ക്ക് ചെങ്കോട്ടയൊന്നും ഒരു പ്രശ്നമേയല്ല. സി.പി.എമ്മിന്റെ പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ശംഖുംമുഖം കടല്‍പ്പുറത്ത് നടന്നൊരു കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ഉള്ളില്‍ വിരിയുന്നൊരു വിപ്ലവ ഗാനമുണ്ട്. അന്ന് തിരുവനന്തപുരത്തിന്റെ വീഥികളിലൂടെ യുവാക്കളെയാകെ ഹരംകൊള്ളിച്ച് ആ വിപ്ലവഗാനം പാടുമ്പോള്‍ ഏറ്റു പാടിയത്, പ്രായം മറന്നു കൂടെ നടന്ന വയസ്സായവരും സ്ത്രീ സഖാക്കളുമാണ്. ആ വിപ്ലവ
സിരകളില്‍ തീ പടര്‍ത്തിയ ആ വിപ്ലവ
ഗാനത്തിന്റെ വരികള്‍ ഇങ്ങനെയാണ്:
‘ രക്ത പതാകത്തണലില് ഒത്തു ചേര്‍ന്നു,
പൊരുതിടുന്ന യുവ ശക്തികളെ സഖാക്കളേ…
നമ്മുടെ നെഞ്ചോടമര്‍ന്ന ചെഞ്ചോര കൊടികളില്‍,
കാലഘട്ടമെഴുതിയ നാലക്ഷരമല്ലോ…
സി.പി.ഐ.എം.,സി.പി.ഐ.എം., സി.പി.ഐ.എം സിന്ദാബാദ്
കോടതികള്‍ തടവറകള്‍,
കരി നിയമ,തേര്‍വാഴ്ചയ്ക്കെതിരേ,
പൊരുതിക്കയറി വന്നവര്‍ നമ്മള്.
രക്തസാക്ഷികള്‍ തെളിച്ച,
വര്‍ഗ സമര വീഥിയില്‍,
പുലരിട്ടോരൊളി കേട്ടുണര്‍ന്നവര്‍ നമ്മള്.
സംഘശക്തി സമരഭൂമി ഇതിഹാസങ്ങള്‍,
രചിച്ച് മുന്നേറുക സഖാക്കളേ സമര ധീരരേ…
അകലെയല്ല, സൂര്യോദയമജ്ഞതതന് അന്ധകാര,
മലയിടിഞ്ഞു വീഴുന്നൊരു സുപ്രഭാതം”.
( വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു, പിന്നീടൊരു നാവും ഈ വിപ്ലവഗാനം പാടി കേട്ടിട്ടില്ല. അതിന്നും മനസ്സില്‍ ക്ലാവു പിടിക്കാതെ കിടന്നതു കൊണ്ട് പുതിയ കാലത്തിന്റെ വാഗ്ദാനങ്ങളായ സഖാക്കള്‍ക്കായ് ഇവിടെ കിടക്കട്ടെ )
ഈ വരികള്‍ അന്ന് ശംഖുമുഖം കടപ്പുറത്തെ വികാരം കൊള്ളിച്ചത് കുറച്ചൊന്നുമല്ല. ഇന്നും ആ ഭൂതകാലത്തിന്റെ നല്ല സ്മരണകള്‍ ഉണര്‍ന്നത്, ഈ ചെങ്കോട്ടയുടെ മാതൃകയിലുള്ള തെരഞ്ഞെടുപ്പ് ബൂത്ത് കണ്ടപ്പോഴാണ്. ഇത് ഇങ്ങനെ പണിത്, പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ജനങ്ങള്‍ക്കു കാണിച്ചു കൊടുത്ത സഖാക്കളുടെ മനസ്സു കണ്ടിട്ടാണ്. പന്ന്യന്‍ രവീന്ദ്രന്റെ വിജയത്തില്‍ കുറഞ്ഞതൊന്നും ബൂത്തിന്റെ നിര്മ്മാമതാക്കളായ സഖാക്കള്‍ വിശ്വസിക്കുന്നില്ല. നല്ലതു ചെയ്യാനും, നല്ലതു പറയാനും, നല്ലതിനു വേണ്ടി നിലകൊള്ളാനുമുള്ള പാഠങ്ങള്‍ പഠിച്ച് വളരുന്ന ഇവരാണ് നാളെ ഈ നാടിന്റെ ഭരണകര്‍ത്താക്കള്‍.
കള്ളവും, പച്ച നുണകളും, രാഷട്രീയ പാപ്പരത്തങ്ങളും, വിശ്വാസമില്ലായ്മയും പഠിപ്പിക്കുന്ന ട്യൂട്ടോറികളില്‍ നിന്നും മാറി സഞ്ചരിച്ച്, സഹവര്‍ത്തിത്വവും, സഹജീവി സ്നേഹവും മാത്രം വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. കാലത്തിന്റെ നേര്‍ക്കാഴ്ചയായി രാഷ്ട്രീയ പ്രവര്‍ത്തനത്തെ മാറ്റണം. ഇല്ലായ്മയുടെയും നശീകരണത്തിന്റെയും രാഷ്ട്രീയത്തെ വെറുക്കണം. തന്നെ വിശ്വസിക്കുന്നതിലൂടെയാണ് താന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ ജനം വിശ്വസിക്കുന്നത്.
അതുകൊണ്ട് വാക്കിലോ നോക്കിലോ പ്രവൃത്തിയിലോ വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക. ഇതു മാത്രമാണ് കേരള തലസ്ഥാനത്ത് ചെങ്കോട്ട പണിത സഖാക്കളോട് പറാനുള്ളത്. ഈ നിശബ്ദ മണിക്കൂറിന്റെ ആഴങ്ങളില്‍ വസന്തത്തിന്റെ ഇടിമുഴക്കമുണ്ട്..അത് മുഴങ്ങുക തന്നെ ചെയ്യും. കാലം ആവശ്യപ്പെടുന്നുണ്ടത്. അന്ന് റെഡ് ഫോര്‍ട്ടില്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ പൂവണിയുക തന്നെ ചെയ്യും. ലാല്‍ സലാം സഖാക്കളേ…..