വിമാനത്താവളത്തിലെ മൂന്നാം ഗേറ്റിന് സമീപം വന്യജീവിയുടെ സാന്നിധ്യം. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് കണ്ടത്. പുലിയാണെന്നാണ് സംശയം.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മട്ടന്നൂർ മൂന്നാം ഗേറ്റിന് സമീപത്താണ് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇന്നലെ രാത്രി സിഐഎസ്എഫിന്റെ ഫ്ളയിംഗ് സ്ക്വാഡാണ് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ കണ്ടത്. തുടർന്ന് ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാതി ഭക്ഷിച്ച നിലയിൽ നായയുടെ ജഡവും കാൽപ്പാടുകളും സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.
റൺവേയിൽ നിന്ന് 300 മീറ്റർ അകലെയുള്ള വനപ്രദേശത്തെ മരത്തിലും വന്യജീവിയുടെ കാൽപ്പാട് പതിഞ്ഞിട്ടുണ്ട്. വന്യജീവിയെ തിരിച്ചറിയുന്നതിനായി ക്യാമറകൾ സ്ഥാപിച്ചതായി വനംവകുപ്പ് പറഞ്ഞു.