കഞ്ഞിവെച്ച് കുടിച്ചും സര്‍ക്കുലര്‍ വലിച്ചു കീറിയും സമരവുമായി മുന്നോട്ട് പോകുന്ന സിഐടിയു ഉള്‍പ്പടെയുള്ള മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ സംഘടനകള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍. പുതിയ സര്‍ക്കുലറിന് സ്റ്റേയില്ലെന്ന ഹൈക്കോടതി വിധിയും വന്നതോടെ മാറ്റങ്ങളില്ലാതെ സര്‍ക്കുലര്‍ പ്രകാരം ടെസ്റ്റ് നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് നിലപാട് എടുത്ത് സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ സമരം കടുപ്പിക്കുമെന്ന പ്രഖ്യാപനവുമായി സംഘടനകളും രംഗത്തെത്തി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗതാഗത കമ്മീഷണര്‍ തിരുവനന്തപുരത്ത് ഇന്ന് സംഘടനകളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘടനകളും വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരണം ഇനി എന്ന് അവസാനിക്കുമെന്ന് ആര്‍ക്കുമൊരു വ്യക്തതയില്ല.
തിരുവനന്തപുരം മുട്ടത്തറയിലെ ഓട്ടോമാറ്റഡ് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില്‍ സ്‌കൂള്‍ ഉടമകള്‍ ഇന്നും രാവിലെ എട്ടു മണി മുതല്‍ തന്നെ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. ഗ്രൗണ്ടിനു മുന്നില്‍ വിവാദ സര്‍ക്കുലര്‍ കത്തിച്ചും കഞ്ഞിവെച്ചുമാണ് സംഘടനകള്‍ പ്രതിഷേധിക്കുന്നത്. അന്തസുള്ള കഞ്ഞിയാണ് ഇതെന്ന് കാണിച്ചുള്ള പോസ്റ്ററുകളും ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിലെ മതിലുകളില്‍ പതിച്ചിട്ടുണ്ട്.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനു സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി വിധി ഇന്നാണ് വന്നത്. ഇതോടെ വിധിയില്‍ പിടിച്ച് നിലപാട് കടുപ്പിച്ച് ഗതാഗത വകുപ്പ് മുന്നോട്ട് പോകുമ്പോള്‍ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഓള്‍ കേരള മോട്ടര്‍ ഡ്രൈവിങ് സ്‌കൂള്‍, ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് സമിതി ഉള്‍പ്പടെയുള്ള സംഘടനകള്‍. തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചു നിന്ന സംഘടനകള്‍ വരും ദിവസം സമരം കടുപ്പിക്കുമെന്ന് മുന്നറിയിപ്പു നല്‍കി. കേന്ദ്ര ഗതാഗത നിയമത്തിന്റെ ചുവടു പിടിച്ചു തന്നെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ഗതാഗത കമ്മീഷണറും അഭിപ്രായപ്പെട്ടു.
ഇതു സംബന്ധിച്ച കേസ് ഹൈക്കോടതി വീണ്ടും ഈ മാസം 21ന് പരിഗണിക്കും. ഓള്‍ കേരള മോട്ടര്‍ ഡ്രൈവിങ് സ്‌കൂള്‍, ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍, ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് സമിതി, ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ കൂട്ടായ്മ വിവിധ വ്യക്തികള്‍ തുടങ്ങിയവരാണു സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളില്‍ ഡ്രൈവിങ് പഠിപ്പിക്കുന്നത് ഒഴിവാക്കുക, പഠിപ്പിക്കുന്ന വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കുക, എം. 80-യില്‍ ടെസ്റ്റ് പാടില്ല, സ്‌കൂള്‍കള്‍ക്ക് സ്വന്തമായി പരിശീലനത്തിനായി സ്ഥലം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് സര്‍ക്കലുര്‍. എന്നാല്‍ കേന്ദ്ര ഗതാഗത നിയമത്തിന് എതിരാണ് സര്‍ക്കുലറിലെ പല പരാമര്‍ശങ്ങളുമെന്ന് അസോസിയേഷന്‍ അംഗങ്ങള്‍ വാദിക്കുന്നു. ഫെബ്രുവരി 4ന് ഗതാഗത കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുക, ഓട്ടോമാറ്റിക് കാറുകള്‍ അനുവദിക്കുക, പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സ്‌കൂള്‍ ഉടമകള്‍ ഉന്നയിക്കുന്നത്.
വ്യാഴാഴ്ച മുതല്‍ പരിഷ്‌കാരം നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ചേര്‍ന്ന് പ്രതിദിനം ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആക്കി കുറച്ചിരുന്നു.
സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധം കടുപ്പിച്ചതോടെ രണ്ടാം ദിനവും കേരളത്തിലെ മുഴുവന്‍ കേന്ദ്രങ്ങളിലെയും ടെസ്റ്റുകള്‍ ബഹിഷ്‌ക്കരിച്ചു. ഇന്ന് 30 ടെസ്റ്റുകള്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ടെസ്റ്റിന് ആകെ 3 പേര്‍ മാത്രമാണ് എത്തിയത്. പ്രതിഷേധം കടുപ്പിച്ചതോടെ ടെസ്റ്റ് നടത്തിയില്ല. സമരം കടുപ്പിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. സര്‍ക്കുലര്‍ പിന്‍വലിക്കും വരെ സമരം തുടരും. 15 വര്‍ഷമായ വാഹനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ അറിയിച്ചു. മറ്റ് പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കട്ടെയെന്നും ഇവര്‍ പറഞ്ഞു.