ജീസാൻ : ജീസാനിലെ മുൻ പ്രവാസിയും സാമൂഹ്യപ്രവർത്തകനുമായിരുന്ന വാഹിദ് വട്ടോളിയുടെ ചികിത്സ ഫണ്ട് കണ്ടെത്തുന്നതിനുവേണ്ടി ജിസാനിലെ മുഴുവൻ സംഘടനകളും കൈകോർക്കുന്നു. മലപ്പുറം പൂക്കോട്ടൂർ സ്വദേശി വാഹിദ് വട്ടോളി കഴിഞ്ഞ രണ്ട് വർഷമായി ഗുരുതരമായ വൃക്ക രോഗം ബാധിച്ചു ഡയാലിസിസ് നടത്തിവരുകയായിന്നു. ആഴ്ചയിൽ മൂന്നു തവണയോളം ഡയാലിസിസ് നടത്തി വരുന്ന അദ്ദേഹത്തിന്റെ ഇരു വൃക്കകളും പൂർണമായി പ്രവർത്തന രഹിതമാകുകയും ഇപ്പോൾ ഡോക്ടർന്മാർ അടിയന്തരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കു നിർദ്ദേശിച്ചിരിക്കുകയാണ്.
ഈ ശസ്ത്രക്രിയക്കു വരുന്ന ഭീമമായ ചികിത്സാചെലവ് വഹിക്കാൻ സാമ്പത്തിക പരാധീനതയും കടബാധ്യതയും നേരിടുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനു കഴിയാത്ത സാഹചര്യത്തിൽ ജിസാനിലെ പ്രവാസി സംഘടനകൾ അദ്ദേഹത്തെ സഹായിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജിസാൻ താമറിൻഡ് ഹോട്ടലിൽ ചേർന്ന വിവിധ സംഘടനാ പ്രതിനിധി കളുടെ യോഗത്തിൽ വാഹിദ് വട്ടോളിയുടെ ചികിത്സാ സഹായനിധി സ്വരൂപിക്കുന്നതിൽ ജിസാനിലെ മുഴുവൻ പ്രവാസി സമൂഹത്തിന്റെയും പിന്തുണയും പങ്കാളിത്തവും തേടാൻ തീരുമാനിച്ചു. ചികിത്സാസഹായനിധി സ്വരൂപിക്കുന്നതിനായി വിപുലമായ ജനകീയ ഫണ്ട് ശേഖരണം നടത്താൻ തീരുമാനമായി.
വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ ഭാരവാഹികളായി ‘വാഹിദ് വട്ടോളി ചികിത്സാ സഹായ സമിതി’ യോഗത്തിൽ രൂപവത്കരിച്ചു. ഭാരവാഹികൾ: ഹാരിസ് കല്ലായി (ചെയ.), താഹ കൊല്ലേത്ത്, സിറാജ് കുറ്റ്യാടി, മുഹമ്മദ് ഇസ്മായിൽ മാനു ,സതീഷ് കുമാർ നീലാംബരി, ഡോ. മൻസൂർ നാലകത്ത്, ജെയ്സൺ (വൈസ് ചെയ.), വെന്നിയൂർ ദേവൻ (ജനറൽ കൺ.), ടി.കെ.സാദിഖ് മങ്കട, സുബീർ പരപ്പൻപോയിൽ, മുഹമ്മദ് സാലിഹ് കാസർഗോഡ്, റിയാസ് മട്ടന്നൂർ, ഖാലിദ് പട് ല, ഷമീർ അമ്പലപ്പാറ, ഷാഹീൻ പാണ്ടിക്കാട് (ജോയിൻറ് കൺ.) നാസർ ചേലേമ്പ്ര (ട്രഷ.), ജസ്മൽ വളമംഗലം (ജോയിൻറ് ട്രഷ.).