‘പരാതി നിയമപരമായി നേരിടും’; ലൈംഗിക ആരോപണം നിഷേധിച്ച് ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്

കൽക്കത്ത: തനിക്കെതിരായ ലൈംഗിക പീഡന പരാതി നിയമപരമായി നേരിടുമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. തൃണമൂല്‍ കോണ്‍ഗ്രസ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത് വ്യാജ ആരോപണമാണെന്നും സത്യം എന്നായാലും പുറത്തുവരുമെന്നും സി വി ആനന്ദബോസ് പറഞ്ഞു.

ബംഗാളിലെ അഴിമതിയ്ക്കും ആക്രമണത്തിനെതിരെയും ഇനിയും പോരാടും. തിരികെ ബംഗാളിലെത്തിയ ശേഷം കൂടുതല്‍ നടപടികളുണ്ടാകുമെന്ന് ഗവര്‍ണര്‍ പറയുന്നു. കേരളം തന്ന ധൈര്യവും സത്യസന്ധതയുമാണ് തന്റെ മുതല്‍ക്കൂട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗവർണർ സിവി ആനന്ദ ബോസിനെതിരായ പീഡന പരാതി ആശങ്കയുണ്ടാക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. സന്ദേശ് ഖാലി വിഷയത്തിൽ ഇടപെട്ട ഗവർണർക്കെതിരെയാണ് പരാതി ഉയർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി എന്തു കൊണ്ട് നിശബ്ദത പാലിക്കുന്നുവെന്ന് മമത ചോദിച്ചു. സംഭവത്തെ ബംഗാൾ മുഖ്യമന്ത്രി അപലപിച്ചു.

രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് ഇന്നലെ ഗവർണർ സിവി ആനന്ദബോസിനെതിരെ പൊലീസിൽ പരാതി നല്‍കിയത്. ഏപ്രില്‍ 24നും ഇന്നലെയും രാജ്ഭവനില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറുകയും ലൈംഗിക താൽപ്പര്യത്തോടെ സ്പർശിക്കുകയും ചെയ്തതെന്നാണ് പരാതി. ഇരുപത്തിനാലാം തീയ്യതി മോശമായ പെരുമാറ്റമുണ്ടായതിനാല്‍ ഇന്നലെ സൂപ്പർവൈസറുമായാണ് ഗവണറെ കണ്ടത്.

സൂപ്പർവൈസറെ പറഞ്ഞയച്ചശേഷം ഓഫീസിൽ തന്നോട് വീണ്ടും മോശമായി പെരുമാറിയെന്നാണ് ജീവനക്കാരി നല്‍കിയ പരാതിയില്‍ പറയുന്നത്. ഗവർണർക്ക് ഭരണഘടന സംരക്ഷണം ഉള്ളതിനാല്‍ കേസെടുക്കുന്നതിൽ ബംഗാൾ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.