പ്രമുഖ നേത്ര പരിചരണ ആശുപത്രി ശ്യംഖലയായ എ.എസ്.ജി ഐ. ഹോസ്പിറ്റൽസ് വാസൻ ഐ കെയറിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായി. കേരളത്തിലെ വാസൻ ആശുപത്രികൾ ഇനി മുതൽ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽസ് എന്ന പേരിൽ അറിയപ്പെടുമെന്ന് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അധികൃതർ അറിയിച്ചു. ഇതോടെ ഇന്ത്യയിലെമ്പാടുമായി 150 ശാഖകളും 600 ലധികം നേത്രരോഗ വിദഗ്ധരുമായി രാജ്യത്തെ മുൻനിര നേത്ര പരിചരണ ആശുപത്രി ശ്യംഖലയായി എ.എസ്.ജി. ഐ ഹോസ്പിറ്റൽസ് മാറി. 21 സംസ്ഥാനങ്ങളിലെ 83 നഗരങ്ങളിലാണ് എ.എസ്.ജിയുടെ സാന്നിധ്യമുള്ളത്.
നേതൃ പരിചരണവുമായി ബന്ധപ്പെട്ട സമഗ്രമായ സേവനങ്ങളാണ് എ.എസ്.ജി. വാസൻ ഐ കെയർ ഹോസ്പിറ്റൽസ് വാഗ്ദാനം ചെയ്യുന്നത്. ടോറിക്, മൾട്ടിഫോക്കൽ, ഇഡോഫ്, ട്രൈഫോക്കൺ തുടങ്ങിയ പ്രമുഖ പ്രീമിയം ലെൻസുകളുടെ സഹായത്തോടെ ഗുണനിലവാരമുള്ള നേത്രചികിത്സകൾക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങൾക്കൊപ്പം വിദഗ്ധ ഡോക്ടർമാർ, അത്യാധുനിക യന്ത്രങ്ങൾ എന്നിവയുടെ സഹായത്തോടെ സുഗമമായ അന്തരീക്ഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയാണ് എ.എസ്.ജി വാസൻ ഐ കെയർ ആശുപത്രി വാഗ്ദാനം ചെയ്യുന്നത്.
തിമിര ശസ്ത്രക്രിയ, റിഫ്രാക്റ്റീവ് സർജറി, കാഴ്ച പുനരധിവാസ സേവനങ്ങൾ, ന്യൂറോ-ഓഫ്താൽമോളജി, യുവെയ്റ്റിസ്, റെറ്റിന, ഗ്ലോക്കോമ, കോർണിയ, ഒക്യുലോപ്ലാസ്റ്റി തുടങ്ങിയ സേവനങ്ങളെല്ലാം താങ്ങാനാകുന്ന ചിലവിൽ ലഭ്യമാക്കുമെന്നും ഇതോടൊപ്പം എല്ലാ കേന്ദ്രങ്ങളിലും അടിയന്തര നേത്രചികിത്സകൾ ഉൾപ്പെടെ 24 മണിക്കൂർ സേവനവും രോഗികൾക്കായി പ്രത്യേക പരിചരണവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ പ്രധാന ജില്ലകളിലെല്ലാം എഎസ്ജി വാസൻ ഐ കെയറിന്റെ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. രോഗികൾക്ക് വേണ്ട ഇൻഷുറൻസ്, എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം തുടങ്ങിയ സേവനങ്ങളും എ.എസ്.ജി വാസൻ ഐ കെയർ ആശുപത്രികളിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
വാസൻ ഐ. കെയറിൻ്റെ കൊച്ചി – തൃശൂർ മേഖല തിമിര, റിഫ്രാക്ടിവ് ശസ്ത്രക്രിയ വിഭാഗം മേധാവിയും സീനിയർ കൺസൾട്ടൻ്റുമായ ഡോ. സോണി ജോർജിൻ്റെ നേതൃത്വത്തിൽ സി.എം.ഒ ഡോ. ശ്രീശങ്കർ, മെഡിക്കൽ റെറ്റിന വിഭാഗം വിദഗ്ധ ഡോ. അമിത നായർ, തിമിര, ഗ്ലൂക്കോമ ശസ്ത്രക്രിയ വിദഗ്ധ ഡോ. ഹിമ ജോസ് തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് കൊച്ചിയിലെ എ.എസ്.ജി വാസൻ ഐ കെയർ ആശുപത്രിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഡോ. അരുൺ സിംഗ്വി, ഡോ. ശിൽപി ഗാങ് എന്നിവർ ചേർന്ന് 2005-ൽ ജോധ്പൂരിൽ ആരംഭിച്ച എ.എസ്.ജി ഐ. ഹോസ്പിറ്റൽസിന് നിലവിൽ 17 സംസ്ഥാനങ്ങളിലായി 54 അത്യാധുനിക നേത്രചികിത്സ കേന്ദ്രങ്ങളാണുള്ളത്. ഇതിനോടകം 7.5 ദശലക്ഷത്തിലധികം പേർക്കാണ് സേവനങ്ങൾ നൽകിയത്. ഇന്ത്യക്ക് പുറത്ത് ഉഗാണ്ട, നേപ്പാൾ എന്നിവിടങ്ങളിലും ശക്തമായ സാന്നിധ്യമാണ് എ.എസ്.ജിക്കുള്ളത്.
കൊച്ചി എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽസ് നടന്ന വാർത്താ സമ്മേളനത്തിൽ ഡോ, . സോണി ജോർജ്, ഡോ. ശ്രീശങ്കർ, ഡോ. അമിത നായർ, ഡോ. ഹിമ ജോസ്, റീജിയണൽ ഓപ്പറേഷൻസ് മാനേജർ ഹിമാൻഷു മാഥുർ എന്നിവർ പങ്കെടുത്തു.