അപകടകരമായി കാറോടിച്ച യുവാക്കളെ ‘നല്ലനടപ്പിനു’ വിടാൻ മോട്ടോർവാഹന വകുപ്പിന്റെ തീരുമാനം. ഏപ്രിൽ 28-നു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം കാറിൽ ആഘോഷപൂർവം മടങ്ങിയ അഞ്ചു യുവാക്കൾക്കെതിരേയാണു നടപടി. എല്ലാവരും തിങ്കളാഴ്ച മുതൽ നാലുദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗവിഭാഗത്തിൽ സാമൂഹിക സേവനം നടത്തണം.
തുടർന്ന് മൂന്നുദിവസം കൊല്ലം പത്തനാപുരം ഗാന്ധിഭവനിലും സേവനം ചെയ്യണം. അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലാകുന്നവർ നേരിടുന്ന ബുദ്ധിമുട്ട് നേരിൽക്കണ്ട് മനസ്സിലാക്കുന്നതിനാണ് ഇവരെ മെഡിക്കൽ കോളേജിലേക്ക് അയക്കുന്നതെന്ന് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ. എം.ജി. മനോജ് പറഞ്ഞു.
കാഷ്വാലിറ്റിയിലും ഓർത്തോ വിഭാഗത്തിലുമായാണ് സേവനം. നാളെ മുതലാണ് ശിക്ഷ ആരംഭിക്കുന്നത്. ഇൻസ്റ്റഗ്രാം റീലിനു വേണ്ടിയായിരുന്നു യുവാക്കളുടെ സാഹസിക യാത്ര. ഈ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.