യുവതി ഹോസ്റ്റലിലെ ശൗചാലയത്തില്‍ പ്രസവിച്ചു, ഗര്‍ഭം ധരിച്ചത് കാമുകനില്‍ നിന്ന്

യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറുകയായിരുന്നു

ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലാണ് അവിവാഹിതയായ യുവതി പ്രസവിച്ചത്.

ആറ് പേരടങ്ങുന്ന റൂമിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറുകയായിരുന്നു. ഞായറാഴ്ച്ച രാവിലെയോടെ ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വാതില്‍ തട്ടി വിളിക്കുകയായിരുന്നു.

തുറക്കാതായതോടെ ആറ് പേരും ഒരുമിച്ച് വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് നവജാതശിശുവിനൊപ്പം യുവതിയെ കണ്ടെത്തുന്നത്. തുടര്‍ന്നാണ് ഇവര്‍ പോലീസിനെ വിവരം അറിയിക്കുന്നത്. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും എറണാകുളത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.