മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമതെത്തി ഇന്ത്യ പൗരന്മാർ. കഴിഞ്ഞ മാർച്ച് മാസത്തിൽ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലാണ് ഇന്ത്യക്കാർ ഒന്നാമതെത്തിയത്. ഈ കാലയളവിൽ 79,810 ഇന്ത്യക്കാർ വിമാനത്താവളത്തിൽ വന്നിറങ്ങുകയും 77,646 ഇന്ത്യക്കാർ യാത്ര പുറപ്പെടുകയും ചെയ്തു. ബംഗ്ലാദേശും പാകിസ്ഥാനുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷനാണ് കണക്കുകൾ പുറത്തുവിട്ടത്.
മാർച്ചിലെ മൊത്തം യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മാർച്ചിൽ 3,287,015 യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര നടത്തിയത്. എന്നാൽ ഈ വർഷം മാർച്ചിൽ 3,840,354 പേരും യാത്ര നടത്തി. ഇത് യാത്രക്കാരുടെ എണ്ണത്തിൽ 16.8 ശതമാനം വർധനവാണ് പ്രകടമാക്കുന്നത്.
വിമാനത്താവളം വഴിയുള്ള ഈ വർഷത്തെ മൊത്തം യാത്രക്കാരുടെ എണ്ണത്തിലും 17.7 ശതമാനം വർധനയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം മാർച്ച് അവസാനം വരെ 3,482,325 പേർ വിമാനത്താവളം വഴി യാത്ര ചെയ്തു. 25,204 വിമാനങ്ങളാണ് ഈ കാലയളവിൽ സർവീസ് നടത്തിയത്. ഇതിൽ 23,237 അന്താരാഷ്ട്ര സർവീസുകളും 1,967 ആഭ്യന്തര സർവീസുകളും ഉൾപ്പെടുന്നു. വിമാന സർവീസുകളുടെ എണ്ണത്തിലും 13.8 ശതമാനം വർധനയാണ് ഈ കാലയളവിൽ പ്രകടമായത്.