ദോഹ: ഖത്തർ വിദേശകാര്യ മന്ത്രാലയം (MOFA) പുതിയ വെബ്സൈറ്റ് പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസ്സൻ അൽ ഹമ്മദിയാണ് ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകൾക്കനുസൃതമായി നിർമ്മിച്ച പുതിയ വെബ്സൈറ്റ് ഇന്ന് (ഞായർ) ലോഞ്ച് ചെയ്തത്.
വെബ്സൈറ്റിൽ ഖത്തർ നയതന്ത്ര ദൗത്യങ്ങളുടെ വാർത്തകൾ, ഇവൻ്റുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പുറമെ, രാജ്യത്തിന്റെ എല്ലാ നയതന്ത്ര ദൗത്യങ്ങളെയും കുറിച്ചുള്ള ഔദ്യോഗിക ഡാറ്റകളും വിവരങ്ങളും ലഭ്യമാകും.
അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ടവ ഉൾപ്പെടെയുള്ള നിരവധി നൂതന ഇ-സേവനങ്ങൾ പുതിയ സൈറ്റ് വാഗ്ദാനം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടർ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ നഈമി പറഞ്ഞു. അപേക്ഷകർക്ക് നാഷണൽ ഓതൻ്റിക്കേഷൻ സിസ്റ്റം (NAS) ഉപയോഗിച്ച് ലോഗിൻ ചെയ്യാനും അവരുടെ അഭ്യർത്ഥനകൾ സമർപ്പിക്കാനും ഖത്തർ പോസ്റ്റുമായി സഹകരിച്ച് രേഖകൾ കൈമാറാനും കഴിയും. ഗവൺമെൻ്റ് കോൺടാക്റ്റ് സെൻ്ററുമായി (109) സഹകരിച്ച് ഒമ്പത് ഭാഷകളിൽ 24 മണിക്കൂറും സേവനം നൽകുന്നതാണ് പുതിയ വെബ്സൈറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പുതിയ വെബ്സൈറ്റ് അതിൻ്റെ ആദ്യ ഘട്ടത്തിൽ MOFA യുടെ ഡാറ്റയ്ക്കുള്ള റഫറൻസും ഓപ്പൺ ആർക്കൈവുമായി പ്രവർത്തിക്കുമെന്നും രണ്ടാം ഘട്ടത്തിൽ ഫോട്ടോ ഗാലറിയിലേക്കും ഡോക്യുമെൻ്റ് ചെയ്യുന്ന പേജിലേക്കും വികസിപ്പിക്കുമെന്നും മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പ് ഡയറക്ടർ ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹാഷ്മി പറഞ്ഞു. അടുത്ത ഘട്ടത്തിൽ വെബ്സൈറ്റിൻ്റെ ഉള്ളടക്കം സ്പാനിഷിലും ഫ്രഞ്ചിലും ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.