നട വരുമാനത്തില്‍ എല്ലാ ദൈവങ്ങളും പിന്നില്‍: തിരുപ്പതി വെങ്കിടാചലപതി ഒന്നാമന്‍

ക്ഷേത്രത്തിന്റെ വാര്‍ഷിക ബജറ്റ് 5000 കോടി കവിഞ്ഞു

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള (2024 ഏപ്രില്‍ – 2025 മാര്‍ച്ച്) തിരുപ്പതി ക്ഷേത്രത്തിന്റെ ബജറ്റ് റെക്കോഡിട്ടിരിക്കുകയാണ്. 5,141.74 കോടി രൂപയുടെ വാര്‍ഷിക ബജറ്റാണ് തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് ഇത്തവണ അംഗീകരിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് തിരുപ്പതി ക്ഷേത്രത്തിന്റെ വാര്‍ഷിക ബജറ്റ് 5000 കോടി രൂപ മറികടക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന്റെയും ട്രസ്റ്റിനു കീഴിലുള്ള ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ വിശദാംശം ഇങ്ങനെ:

2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ക്ഷേത്രത്തിലെ പ്രസാദം വില്‍പ്പനയിലൂടെ 600 കോടി രൂപ നേടാനാവുമെന്നാണ് ക്ഷേത്രം ട്രസ്റ്റ് കരുതുന്നത്. ക്ഷേത്ര ദര്‍ശന ടിക്കറ്റ് വില്‍പനയില്‍ നിന്നും 338 കോടി രൂപയും, ജീവനക്കാര്‍ക്ക് നല്‍കിയ വായ്പയില്‍ നിന്നും കരാറുകാരില്‍ നിന്നുള്ള സെക്യൂരിറ്റി ഡിപ്പോസിറ്റുകളില്‍ നിന്നുള്ള വരുമാനം 246.39 കോടി രൂപയും പ്രതീക്ഷിക്കുന്നു. നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയും ലാഭവിഹിതവുമായി 129 കോടി രൂപയും വരുമാനമായി പ്രതീക്ഷിക്കുന്നുണ്ട്. വിശേഷാല്‍ പൂജകളില്‍ നിന്നും 150 കോടി രൂപയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭക്തര്‍ ദാനം ചെയ്യുന്ന വസ്തുവകയില്‍ നിന്നും 151.5 കോടിയും, കല്യാണ മണ്ഡപവും ഭക്തര്‍ക്കുള്ള താമസ സൗകര്യങ്ങളില്‍ നിന്നും 147 കോടി രൂപയും വരുമാനം പ്രതീക്ഷിക്കുന്നുണ്ട്.

വിവിധ ട്രസ്റ്റുകളില്‍ നിന്നും സംഭാവന മുഖേനയുള്ള വരുമാനം 85 കോടിയും ക്ഷേത്രത്തിന്റെ സ്വന്തമായുള്ള വസ്തുവകകളില്‍ നിന്നും വാടക ഇനത്തിലും ഇലക്ട്രിക്കല്‍ സേവനങ്ങളില്‍ നിന്നും മറ്റുള്ള വരവ് ഇനത്തിലും 60 കോടി രൂപയും തിരുപ്പതി ക്ഷേത്രത്തിന്റെ വരുമാനത്തിലേക്ക് പ്രതീക്ഷിക്കുന്നു. പാര്‍ക്കിംഗ് ഫീസ്, ടോള്‍ ചാര്‍ജ് ഇനങ്ങളില്‍ 74.5 കോടിയും പ്രസദ്ധീകരണങ്ങളില്‍ നിന്നുള്ള വരവ് 35.25 കോടിയും ക്ഷേത്ര വളപ്പിലെ ഭണ്ഡാരങ്ങളില്‍ കാണിക്കയായി 1,611 കോടി രൂപയും ലഭിക്കുമെന്നാണ് ടിടിഡി പ്രതീക്ഷിക്കുന്നത്.

സ്ഥിരനിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ ഇനത്തില്‍ തിരുപ്പതി ക്ഷേത്ര ട്രസ്റ്റിന് വാര്‍ഷികമായി 1,600 കോടി രൂപ വരുമാനമായി ലഭിക്കുന്നുണ്ട്. നിലവില്‍ തിരുപ്പതി ക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ വിവിധ ബാങ്കുകളിലായി 13,287 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണുള്ളത്. ശ്രീ വെങ്കടേശ്വര നിത്യ അന്നപ്രസാദം ട്രസ്റ്റ്, ശ്രീ വെങ്കടേശ്വര പ്രാണദാനം ട്രസ്റ്റ് എന്നിങ്ങനെ വിവിധ ട്രസ്റ്റുകളിലൂടെയാണ് ക്ഷേത്ര ഭരണസമിതി നിക്ഷേപങ്ങളും സംഭാവനയും കൈകാര്യം ചെയ്യുന്നത്. 2024 ഏപ്രിലിലെ കണക്ക് പ്രകാരം തിരുപ്പതി ക്ഷേത്രത്തിനും വിവിധ ട്രസ്റ്റുകളുടെയും കൈവശമുള്ള ക്യാഷ് ബാലന്‍സ് 18,817 കോടി രൂപയാണ്.


2012 വരെയുള്ള കണക്ക് പ്രകാരം, ടിടിഡിയുടെ മൊത്തം ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ മൂല്യം 4,820 കോടി രൂപയാണ്. 2013 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 8,467 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണ് നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (202324) 1,161 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണ് തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് നടത്തിയത്. ഒരു വര്‍ഷത്തിനിടെ മാത്രം നടത്തുന്ന ഏറ്റവും വലിയ സ്ഥിരനിക്ഷേപമാണിത്. 2017ല്‍ നല്‍കിയ 1,153 കോടിയുടെ സ്ഥിരനിക്ഷേപത്തിന്റെ റെക്കോഡാണ് തിരുത്തിയെഴുതിയത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ കോവിഡ് മഹാമാരി പിടികൂടിയ 2021 കാലയളവില്‍ മാത്രമാണ് ട്രസ്റ്റിന്റെ സ്ഥിരനിക്ഷേപം 500 കോടിയില്‍ താഴെയായത്.

2024-25 സാമ്പത്തിക വര്‍ഷക്കാലയളവിലേക്ക് തിരുപ്പതി ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കും പുരോഹിതന്മാര്‍ക്കും ഉള്‍പ്പെടെ ശമ്പളം, വേതനം, വിവിധ ആനുകൂല്യങ്ങള്‍ക്കായും ടിടിഡി 1,733 കോടി രൂപ ചെലവിടേണ്ടി വരുമെന്നാണ് കരുതുന്നത്. ക്ഷേത്രത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പരിപാലനത്തിനായുള്ള വിവിധ വസ്തുവകകള്‍ വാങ്ങുന്നതിനായി 751 കോടിയും ഭാവിയിലേക്കുള്ള വരുമാനം ലക്ഷ്യമാക്കിയുള്ള നിക്ഷേപങ്ങള്‍ക്ക് വേണ്ടി 750 കോടി രൂപയുമാണ് നീക്കിവെക്കുന്നത്. നിര്‍മാണം, വികസനം, പരിപാലനം എന്നിവയ്ക്ക് ആവശ്യമായ എന്‍ജിനീയറിങ് പണികള്‍ക്കു വേണ്ടി 350 കോടിയും ശ്രീനിവാസ സേതു (പാലം) നിര്‍മാണത്തിനായി 53 കോടിയും ചെലവഴിക്കും.

അതുപോലെ എസ്‌വിഐഎംഎസ് ആശുപത്രിയുടെ എന്‍ജിനീയറിങ് പ്രവര്‍ത്തനങ്ങള്‍ക്കായി 60 കോടിയും എസ്‌വിഐഎംഎസ് ആശുപത്രിക്കുള്ള ധനസഹായമായി 60 കോടിയും എന്‍ജിനീയറിങ് പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായി 190 കോടിയും ശുചീകരണം ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 80 കോടിയും വിവിധ സ്ഥാപനങ്ങള്‍ക്കുള്ള സംഭാവനയായി 113.5 കോടി രൂപയും വീതം ടിടിഡി ചെലവഴിക്കേണ്ടതുണ്ട്. ഹിന്ദു ധര്‍മ പ്രചാര പരിഷത്തിന് വേണ്ടി 108.5 കോടിയും വായ്പയും മുന്‍കൂറായി പണം നല്‍കുന്നതിനുമായി 166.63 കോടിയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി 100 കോടി രൂപയും വൈദ്യുതി ബില്‍ ഇനത്തില്‍ 62 കോടിയും നികുതിയും ഫീസ് ഇനത്തിലും സംസ്ഥാന സര്‍ക്കാരിലേക്ക് 50 കോടി രൂപയും പരസ്യങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കുമായി 10 കോടി രൂപയും ടിടിഡി ചെലവഴിക്കുന്നു.

അതേസമയം, ക്ഷേത്രത്തിന്റെ നട വരുമാനത്തില്‍ അത്ഭുതം സൃഷ്ടിച്ച് മുന്നേറുകയാണ്. അനുംഗ്രഹം തേടിയെത്തുന്ന ഭക്തരുടെ അകമഴിഞ്ഞ സംഭാവനകളില്‍ തിരുപ്പതി ക്ഷേത്രം ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായി മാറിക്കഴിഞ്ഞു. ഭക്തരുടെ അണമുറിയാത്ത ഒഴുക്കും, ഭഖ്തി പൂര്‍വ്വമുള്ള കാണിക്കയും ഓരോ ദിനവും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനിടെ ക്ഷേത്ര ട്രസ്റ്റ് ബാങ്കുകളില്‍ നടത്തിയ സ്ഥിരനിക്ഷേപങ്ങളിലും റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2023ല്‍ കാണിക്ക ഇനത്തില്‍ 773 കോടി രൂപയും 1,031 കിലോഗ്രാം സ്വര്‍ണവും ക്ഷേത്രത്തിന് ലഭിച്ചിട്ടുണ്ട്. ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമിലൂടെ 11,329 കിലോഗ്രാം സ്വര്‍ണമാണ് ഇതുവരെയായി ക്ഷേത്രം ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്.

Latest News