മലയാള സിനിമയുടെ തീരാ നഷ്ടങ്ങളിൽ ഒന്ന് കൂടി. ഒരുകാലത്ത് പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ഹാസ്യ മേഖലയിലേക്ക് സ്വത സിദ്ധമായ ശൈലി കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ അഭിനേത്രി. അതായിരുന്നു കനകലത. കുറിക്കുകൊള്ളുന്ന നർമ്മങ്ങൾ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാൻ തങ്ങൾക്കും കഴിയും എന്ന് തെളിയിച്ച കഴിവുറ്റ നടിമാരിൽ ഒരാളാണ് ഇനിയും പകർന്നാടാൻ ഒരുപാട് വേഷങ്ങൾ ബാക്കിയാക്കി അരങ്ങൊഴിയുന്നത്. അരങ്ങിൽ ചിരിപ്പിക്കുമ്പോഴും ജീവിതം അവർക്ക് നൽകിയത് എന്നും ദുരിതം മാത്രമായിരുന്നു.
പാര്‍ക്കിൻസൺസും മറവിരോഗവും കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറെ ദുരിതാവസ്ഥയിലായിരുന്നു നടി കനകലതയുടെ ജീവിതം. ഒരു മനുഷ്യന്റെ ഓർമകളിൽ ഏറ്റവും നിസ്സാരമായതുവരെ മറന്നുപോയിരുന്നു അവസാന നാളുകളിൽ കനകലത. തനിച്ച് ഭക്ഷണം കഴിക്കാനറിയാതെ, പ്രാഥമിക കാര്യങ്ങൾ പോലും ഒറ്റയ്ക്ക് ചെയ്യാനാവാതെ, ഇടയ്‌ക്കെങ്കിലും സ്വന്തംപേരുപോലും മറന്നുപോവുന്ന അവസ്ഥ. എങ്കിലും സിനിമ മാത്രം അവർ തിരിച്ചറിഞ്ഞു. രോഗാതുരതയിലും സിനിമയെപ്പറ്റിയുള്ള ഓർമകൾ മാത്രം മായാതെ കനകലതയുടെ ഉള്ളിലുണ്ടായിരുന്നു . അത്രമേൽ അവർ സിനിമയെ സ്‌നേഹിച്ചിരുന്നു.
കഴിഞ്ഞ മുപ്പത്തിയെട്ടു വർഷമായി മലയാളത്തിലും തമിഴിലുമടക്കം 360 ൽ ഏറെ സിനിമകളിൽ അഭിനയിച്ച താരമാണ് കനകലത. ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ നടി. മിനിസ്‌ക്രീനിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച താരം പക്ഷേ കുറേക്കാലമായി സിനിമയിലുണ്ടായിരുന്നില്ല. ‘ആനന്ദം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗണേഷ് രാജിന്റെ പുതിയ ഹിറ്റ് ചിത്രമായ ‘പൂക്കാല’ത്തിലൂടെ കനകലത മലയാള സിനിമയിലേക്കു തിരിച്ചുവരവ് നടത്തിയിരുന്നു.
ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് സജീവമായിരുന്ന കനകലത അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. പിന്നീട് പ്രഫഷനൽ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാർഗം എന്നുറപ്പിച്ചു. ‘ഉണർത്തുപാട്ട്’ ആയിരുന്നു ആദ്യം അഭിനയിച്ച സിനിമ. പക്ഷേ അത് റിലീസായില്ല. പിന്നീട് ‘ചില്ല്’ എന്ന സിനിമയിലൂടെയാണ് താരം അഭ്രപാളികളിൽ എത്തുന്നത്. 360 ൽ അധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങിയ കനകലത 22 ാം വയസ്സിൽ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പതിനാറു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല.
2018 ൽ ‘പഞ്ചവർണതത്ത’, 2019 ൽ ‘ആകാശഗംഗ 2’ എന്നിവയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കനകലത അഭിനയിച്ച മെയിൻസ്ട്രീം സിനിമകൾ. കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്ത ‘ത്രീ ഡെയ്സ്’ ആണ് കനകലതയുടെ ഈ വർഷത്തെ രണ്ടാമത്തെ സിനിമ. അവസരങ്ങൾ എത്തുന്നുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം സിനിമയിൽനിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് അഭിനയത്തിൽ സജീവമാകാമെന്ന പ്രതീക്ഷയ്ക്കിടെയാണ് മറവി രോഗം കനകലതയെ പിടികൂടുന്നത്.
വിവാഹം കഴിച്ചിരുന്നുവെങ്കിലും പതിനാറു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കനകലത വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ നടിക്ക് കുട്ടികളില്ല. കഴിഞ്ഞ 34 വർഷമായി സഹോദരി വിജയമ്മയ്ക്കൊപ്പമാണ് കനകലത കഴിയുന്നത്. കൊവിഡ് കാലത്തായിരുന്നു കനകലതയിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയത്.ഉറക്കക്കുറവായിരുന്നു തുടക്കം. പിന്നീടാണ് രോഗത്തിന്റെ സത്യാവസ്ഥ മനസിലാക്കിയത് എന്ന് സഹോദരി പറഞ്ഞിരുന്നു.