മുംബൈ: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാറിന്റെ വെടിക്കെട്ട് നിറഞ്ഞ സെഞ്ചുറി ബലത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 173 റണ്‍സെടുത്തു. 16 പന്തുകള്‍ ബാക്കിയിരിക്കേ, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ അത് മറികടന്നു.
51 പന്തുകളില്‍ ആറ് സിക്സും 12 ബൗണ്ടറിയും ഉള്‍പ്പെടെ 102* റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 18-ാം ഓവറില്‍ സണ്‍റൈസേഴ്സ് ബൗളര്‍ നടരാജനെ ഡീപ് എക്സ്ട്രാ കവറിലൂടെ സിക്സിനു പറത്തി സൂര്യകുമാര്‍ ടീമിന്റെ ജയവും തന്റെ സെഞ്ചുറിയും ഒരുമിച്ച് ആഘോഷിച്ചു. 32 പന്തില്‍ 37* റണ്‍സ് നേടിയ തിലക് വര്‍മ, സൂര്യക്ക് കൂട്ടായി ക്രീസില്‍ തുടര്‍ന്നു. ടീം സ്കോര്‍ 31-ല്‍ നില്‍ക്കേ ഒരുമിച്ച ഇരുവരും, 145 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ടീമിനെ വിജയിപ്പിച്ചത്.
ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് ട്രാവിസ് ഹെഡ് (48), പാറ്റ് കമ്മിൻസ് (35) എന്നിവരുടെ കരുത്തിലാണ് പൊരുതാവുന്ന സ്കോറുയർത്തിയത്. അഭിഷേക് ശർമ (11), നിതീഷ് റെഡ്ഡി (20), ഹെന്റിക് ക്ലാസൻ (2), മാർക്കോ ജാൻസൺ (17), അബ്ദുൾ സമദ് (3), ഷഹ്ബാദ് അഹ്മദ് (10) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.
31 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത ഹാർദിക് പാണ്ഡ്യയും 33 റൺസിന് 3 വിക്കറ്റെടുത്ത പിയൂഷ് ചൗളയും മുംബൈക്കായി തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഇഷാൻ കിഷൻ 9 റൺസുമായും രോഹിത് ശർമ 4 റൺസുമായും നമൻ ധിർ റണ്ണൊന്നുമെടുക്കാതെയുമാണ് മടങ്ങിയത്. എന്നാൽ സൂര്യയും തിലകും ചേർന്നതോടെ ഹൈദരാബാദിന് മത്സരത്തിലേക്ക് ഒരിക്കലും തിരിച്ചുവരാനായില്ല.
ഹൈദരാബാദിനുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, പാറ്റ് കമിന്‍സ്, മാര്‍ക്കോ ജാന്സന് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ജാന്സന് മൂന്നോവറില്‍ 45 റണ്‍സ് വഴങ്ങിയപ്പോള്‍, ഭുവനേശ്വര്‍ അത്രതന്നെ ഓവറില്‍ 22 റണ്‍സേ വിട്ടുകൊടുത്തുള്ളൂ.