പി ജയരാജൻ വധശ്രമകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: പി ജയരാജൻ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുധാൻഷു ദൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ആക്ഷേപം. രണ്ടാം പ്രതി ഒഴികെ ഏഴ് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

1999 ലെ തിരുവോണ നാളിൽ സിപിഐഎം നേതാവ് പി ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. വധശ്രമം, ആയുധം ഉപയോഗിക്കൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ആർ എസ് എസ് പ്രവർത്തകരാണ് പ്രതികൾ.

ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി, എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. രണ്ടാം പ്രതി പ്രശാന്തിന് കീഴടങ്ങാന്‍ രണ്ട് മാസത്തെ സമയം അനുവദിച്ചു. സാക്ഷികള്‍ ആയുധം കൃത്യമായി തിരിച്ചറിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.