കാഞ്ഞങ്ങാട് സ്വദേശിയും യുഎഇയിലെ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും അബുദാബി കെഎംസിസി ട്രഷററുമായിരുന്ന മുറിയാനാവിയിൽ സി. എച്ച്. അസ്ലം (50) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 9നായിരുന്നു അന്ത്യം. അബുദാബി, ദുബായ്, അൽഐൻ, ഷാർജ എന്നിവിടങ്ങളിലും നാട്ടിലും ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുണ്ട്.
സി. എച്ച്. അഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: നസീറ. മക്കൾ: മഹ്റ, നൂരിയ, മുഹമ്മദ്. സഹോദരങ്ങൾ: അഡ്വ.നുസൈബ് അഹമ്മദ്, നിസാർ അഹമ്മദ് (അബുദാബി), ആജിഷ. അതേസമയം, സൗദിയിലെ റിയാദിൽ അൽഖർജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം വള്ളിക്കുന്ന് നീരോൽപ്പാലം പറമ്പാളിൽ വീട്ടിൽ ശഫീഖാണ് (26) മരിച്ചത്.
നാഷണൽ ഗാഡ് ഹോസ്പിറ്റലിൽ തീവ്ര പരിചരണത്തിൽ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. മയ്യിത്ത് റിയാദിൽ കബറടക്കുന്നതിന് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണ്. പിതാവ് അബ്ദുൽ ലത്തീഫ്. മാതാവ് സുലൈഖ.