തൃശ്ശൂർ: കനത്ത ചൂടിൽ നാട്ടുകാർക്ക് വരൾച്ച ഭീഷണി ഉയർത്തിരിക്കുകയാണ് നിള പുഴ. ഈ ഭീഷണി മറികടക്കണമെങ്കിൽ മലമ്പുഴ അണക്കെട്ട് തുറക്കണം അതുണ്ടായില്ലെങ്കിൽ മഴ കനിയുക തന്നെ വേണം. അടുത്തകാലത്തൊന്നുമില്ലാത്ത വിധമാണ് നിള പുഴ വറ്റി വരണ്ടിരിക്കുന്നത്. പാമ്പാടി -ലക്കിടി തടയണ നിർമ്മിച്ചതിനുശേഷം ആദ്യമായി പുഴയിലെ വെള്ളം വറ്റി. പുഴയിൽ വെള്ളമില്ലാതായതോടെ കരയിലെ കുളങ്ങളും കിണറുകളും വറ്റിവരണ്ട സ്ഥിയിലാണ്.
ആളിയാർ അണക്കെട്ട് തുറന്നെത്തിയ വെള്ളം 3 കിലോമീറ്റർ ഓളം ദൂരത്ത് പെരിങ്ങോട്ടുകുറിശ്ശിയിലെ ഞാവലിൻകടവ് വരെ എത്തി നിൽക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്നായി. നീരൊഴുക്ക് നിലച്ചതോടെ ഈ തടയണയിൽ നിന്ന് പുഴയുടെ തിരുവല്ലാമല ഭാഗത്തേക്ക് വെള്ളം എത്താനുള്ള സാധ്യതയും അടഞ്ഞു.
പാലക്കാട് കളക്ടറെ കണ്ട് സങ്കടം ബോധിപ്പിച്ച പഞ്ചായത്ത് അധികൃതർക്ക് മലമ്പുഴ അണക്കെട്ട് തുറക്കാം എന്ന് ഉറപ്പു ലഭിച്ചിട്ടും ഒന്നും നടന്ന മട്ടില്ല. മലമ്പുഴയിലും വെള്ളം കുറവാണെന്ന് അറിയുന്നത്.
നൂറിലേറെ കന്നുകാലികൾക്ക് വെള്ളം നൽകുന്ന കാര്യത്തിലും ആശങ്കയുണ്ട്. കരയിലെ ജലനിരപ്പ് താഴ്ന്നു പോയതുമൂലം വരും നാളുകളിൽ ജലക്ഷാമം രൂക്ഷമാകുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.
അതെ സമയം, നിളയുടെ ഐവർമഠം തീരത്തെ സ്മശാനത്തിൽ സംസ്കാര ചടങ്ങുകൾക്ക് പോലും വെള്ളം നാമം മാത്രമായാണ് ശേഷിക്കുന്നത്. പാറക്കെട്ടുകൾക്കിടയിൽ ഉള്ള ചെറിയ നീർച്ചാലിലാണ് വിശ്വാസികൾ ചടങ്ങുകൾക്കിടെ സ്നാനം ചെയ്യുന്നത്. ഈ സ്ഥിതി തുടർന്നാൽ ഇവിടുത്തെ വെള്ളവും നാളുകൾക്കുള്ളിൽ വറ്റും. തീരത്ത് നിത്യേന ബലിതർപ്പണത്തിന് എത്തുന്നവരും വെള്ളമില്ലാതെ വലയുകയാണ്.