അജ്മാന്: അജ്മാനിലെ ന്യൂ സനയ്യയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം വ്യാപാര കേന്ദ്രത്തിന് തീകൊടുത്ത പ്രതി അറസ്റ്റിൽ. ഏഷ്യൻ വംശജനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച (ഇന്നലെ) ഉച്ചക്ക് ഒന്നരയോടെ ന്യൂ സനയ്യയിലെ ലക്കി റൗണ്ട് എബൌട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് സംഭവം.
ഏഷ്യൻ വംശജയായ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിലെ മറ്റു മൂന്ന് ജീവനക്കാരെ പരിക്കേൽപിച്ച ശേഷം പ്രതി സ്ഥാപനത്തിന് തീകൊടുക്കുകയായിരുന്നു. സ്ഥാപനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിനശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അജ്മാന് പൊലീസും സിവില്‍ ഡിഫന്‍സും വിവിധ അഗ്നിശമന വിഭാഗങ്ങളും ചേര്‍ന്ന് പെട്ടന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് ഒഴിവായി. സംഭവസ്ഥലത്തെത്തിയ പൊലീസ് അതിവേഗം ഇടപെട്ടാണ് പ്രതിയെ 10 മിനിറ്റിനകം പിടികൂടിയത്.
പ്രതിക്ക് കൊല്ലപ്പെട്ട സ്ത്രീയുമായി നേരത്തെ ബന്ധമുണ്ടായിരുന്നെന്നും വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കുറ്റം സമ്മതിച്ച പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്.