അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ

അജ്മാന്‍: അജ്മാനിലെ ന്യൂ സനയ്യയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം വ്യാപാര കേന്ദ്രത്തിന്​ തീകൊടുത്ത പ്രതി അറസ്റ്റിൽ. ഏഷ്യൻ വംശജനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച (ഇന്നലെ) ഉച്ചക്ക് ഒന്നരയോടെ ന്യൂ സനയ്യയിലെ ലക്കി റൗണ്ട് എബൌട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ്​ സംഭവം.

ഏഷ്യൻ വംശജയായ സ്​ത്രീയാണ്​ കൊല്ലപ്പെട്ടതെന്ന്​ പൊലീസ്​ അറിയിച്ചു​. സ്ഥാപനത്തിലെ മറ്റു മൂന്ന്​ ജീവനക്കാരെ പരിക്കേൽപിച്ച ശേഷം പ്രതി സ്ഥാപനത്തിന്​ തീകൊടുക്കുകയായിരുന്നു. സ്ഥാപനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിനശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അജ്മാന്‍ പൊലീസും സിവില്‍ ഡിഫന്‍സും വിവിധ അഗ്നിശമന വിഭാഗങ്ങളും ചേര്‍ന്ന് പെട്ടന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത്​ ഒഴിവായി. സംഭവസ്ഥലത്തെത്തിയ പൊലീസ്​ അതിവേഗം ഇടപെട്ടാണ്​ പ്രതിയെ 10 മിനിറ്റിനകം പിടികൂടിയത്​.

പ്രതിക്ക്​ കൊല്ലപ്പെട്ട സ്ത്രീയുമായി നേരത്തെ ബന്ധമുണ്ടായിരുന്നെന്നും വ്യക്​തിപരമായ തർക്കമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കുറ്റം സമ്മതിച്ച പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്​.