കോഴി ഒരു വികാര ജീവിയാണ് : മുഖം നോക്കിയാൽ കാര്യം പിടികിട്ടും

മുഖം മനസ്സിന്റെ കണ്ണാടി ആണല്ലോ .മുഖം നോക്കി പലരുടെയും മനസ്സിൽ ഉള്ള കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും ,അത് പോലെ തന്നെ ജീവജാലങ്ങളുടെ കാര്യത്തിലും അങ്ങനെ സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത് ,എന്നാൽ മുഖം നോക്കി അല്ല മുഖത്തിന്റെ നിറം മാറുന്നതനുസരിച്ചു കാര്യം പിടികിട്ടും .മനുഷ്യരുടെ മുഖഭാവമാണ് മനസ്സിനെ പ്രതിഫലിപ്പിക്കുന്നതെങ്കിൽ കോഴികളുടെ മുഖത്തെ നിറമാണ് അവയുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുക.

ഐഎൻആർഎഇ (INRAE​) ​ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് കോഴികളുടെ മുഖം നോക്കി അവയുടെ വികാരം എന്തെന്ന് തിരിച്ചറിയാമെന്ന് പറയുന്നത്. മറ്റ് മൃഗങ്ങളെയും പക്ഷികളെയും പോലെ സന്തോഷവും ആവേശവും സങ്കടവും ഭയവും അങ്ങനെ എല്ലാ വികാരങ്ങളും കോഴികൾക്കുമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ അവ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്.

ഒരു കോഴി വിശ്രമിക്കുകയോ സന്തോഷിക്കുകയോ ചെയ്യുമ്പോൾ, അവയുടെ മുഖത്തിൻറെ നിറം ഇളം പിങ്ക് നിറത്തിലേക്ക് മാറും. വികാരങ്ങൾക്ക് അനുസരിച്ച് കോഴികളുടെ മുഖത്തേക്ക് ഇരച്ചെത്തുന്ന രക്തപ്രവാഹം മൂലമാണ് ഇത്തരത്തിൽ നിറം മാറ്റമുണ്ടാകുന്നത്. കോഴികളുടെ മുഖത്തിന് ചുറ്റുമുള്ള ചർമ്മം വളരെ സെൻസിറ്റീവ് ആയതിനാൽ ഈ മാറ്റം കാണാൻ കഴിയുമെന്നും പഠനം പറയുന്നു. സങ്കടമോ ഭയമോ ആണ് കോഴിയിലുണ്ടാകുന്നതെങ്കിൽ മുഖത്തേക്കുള്ള രക്തയോട്ടം ശക്തമാവുകയും മുഖം കടും ചുവപ്പായി മാറുകയും ചെയ്യുന്നു. വിശ്രമവേളകളിൽ അവയുടെ രക്തയോട്ടം സാധാരണ നിലയിലാകുന്നു. ഇതോടെ മുഖം ഇളം പിങ്ക് നിറത്തിലേക്ക് മാറുന്നു.

ഫ്രാൻസിലെ ലോയർ താഴ്‌വരയിലെ മൂന്ന് മുതൽ നാല് മാസം വരെ പ്രായമുള്ള നിരവധി സസെക്സ് കോഴികളിൽ മൂന്നാഴ്ചയോളം നടത്തിയ നീരീക്ഷണ പഠനങ്ങളിൽ നിന്നാണ് ഗവേഷകർ ഇക്കാര്യം കണ്ടെത്തിയത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് അവയുടെ പ്രതികരണം തിരിച്ചറിയാനായി അവയ്ക്ക് നൽകുന്ന ഭക്ഷണത്തിൽ ഏറ്റക്കുറച്ചിലുകൾ വരുത്തി. തുടർന്ന് അവയുടെ പരസ്പരമുള്ള ഇടപെടലുകൾ നീരീക്ഷിക്കുകയും ചിത്രീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ ചിത്രീകരിച്ച 18,000 ഫോട്ടോകൾ ഇമേജറി സോഫ്റ്റ്‍വെയറിൻറെ സഹായത്തോടെ ഗവേഷകർ വിശകലനം ചെയ്താണ് കണ്ടെത്തൽ. ഇനി അപ്പൊ കോഴികളുടെ വിചാരവും മനസ്സിലാക്കാം .