പുതിയ ഉടമകളെ കാത്തിരിക്കുകയാണ് പാരീസിലെ സിനെ എറ്റ് മാർനിൽ സ്ഥിതിചെയ്യുന്ന അർമെയ്ൻവില്ലിയേഴ്സ് എന്ന കൊട്ടാരം. ഒരുകാലത്ത് മൊറോക്കൻ രാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കൊട്ടാരത്തിൽ എല്ലാവിധ രാജകീയ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൊട്ടാരമാണെങ്കിലും സ്വകാര്യ വസതി എന്ന നിലയിലും പുതിയ ഉടമകൾക്ക് ഇവിടം ഉപയോഗിക്കാം. 363 മില്യൻ പൗണ്ട് അതായത് 3812 കോടി രൂപയാണ് കൊട്ടാരത്തിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. വലുപ്പവും സൗകര്യങ്ങളും മാത്രമല്ല ചരിത്ര പ്രാധാന്യംകൊണ്ടും ഈ നിർമിതി വേറിട്ടു നിൽക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച അടിത്തറയ്ക്ക് മുകളിലാണ് പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്നത്തെ കൊട്ടാരം പണിതുയർത്തിയത്. 1980കളിൽ മൊറോക്കോയിലെ ഹസൻ രണ്ടാമൻ രാജാവ് കൊട്ടാരം സ്വന്തമാക്കി. പിന്നീടിങ്ങോട്ട് വിപുലമായ നവീകരണ പ്രവർത്തനങ്ങളും കൊട്ടാരത്തിൽ നടത്തിയിരുന്നു. 2500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
നൂറിലധികം മുറികൾ ഇവിടെയുണ്ട്. കൊട്ടാരത്തിന് ചുറ്റുമായി ആയിരം ഹെക്ടർ ഭൂമി, സ്വകാര്യ വിശാലമായ സ്വിമ്മിങ് പൂൾ, സ്പാ, ദന്തചികിത്സയടക്കം ഉൾപ്പെടുന്ന മെഡിക്കൽ സൗകര്യങ്ങൾ എന്നിവയെല്ലാം നവീകരണത്തിന്റെ ഭാഗമായി മൊറോക്കൻ രാജാവ് ഒരുക്കി. മൊറോക്കൻ മൊസൈക്കുകളും വോൾ ടൈലുകളും കൊണ്ടാണ് അകത്തളം അലങ്കരിച്ചത്. എന്നാൽ ഇതിനുമപ്പുറം കൊട്ടാരത്തിനടിയിൽ ഒരുക്കിയിരിക്കുന്ന ഭൂഗർഭ രഹസ്യങ്ങളാണ് പ്രധാന പ്രത്യേകത. പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ധാരാളം ടണലുകളും അടുക്കളകളും കോൾഡ് റൂമുകളും സ്റ്റോറേജ് സൗകര്യങ്ങളും സ്റ്റാഫ് ക്വാർട്ടേഴ്സുകളും കൊട്ടാരത്തിനടിയിലുണ്ട്. ‘ദ മെട്രോ ‘ എന്നാണ് ഈ ഭൂഗർഭ താവളത്തിന് നൽകിയിരിക്കുന്ന പേര്. സാധനങ്ങൾ സംഭരിക്കാനുള്ള സൗകര്യം എന്നതിന് പുറമേ, കൊട്ടാരത്തിൽ എത്തുന്ന അതിഥികൾക്കും കൊട്ടാരത്തിലെ താമസക്കാർക്കും ജീവനക്കാരുമായി ഇടപഴകാതെ ജീവിക്കാനുള്ള അവസരവും ഈ ഭൂഗർഭ അറകൾ ഒരുക്കിയിരുന്നു. 50 കുതിരകളെ പാർപ്പിക്കാനുള്ള സൗകര്യം കൊട്ടാരത്തിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്.
ചുറ്റുമുള്ള പ്രകൃതിഭംഗിയാണ് ആരെയും ആകർഷിക്കുന്ന മറ്റൊരു ഘടകം. കൊട്ടാരവും എസ്റ്റേറ്റും നിക്ഷേപകർ വിലയ്ക്കെടുക്കുകയാണെങ്കിൽ അതിമനോഹരമായ ആയിരക്കണക്കിന് അപ്പാർട്ട്മെന്റുകൾ നിർമിക്കാനാകുമെന്ന് ഇടനിലക്കാർ പറയുന്നു. അതേസമയം എണ്ണിയാലൊടുങ്ങാത്തത്ര സൗകര്യങ്ങളുണ്ടെങ്കിലും കൊട്ടാരത്തിന് ഇപ്പോൾ ആവശ്യപ്പെടുന്ന തുക അന്യായമാണെന്നാണ് ഒരു വിഭാഗം റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരുടെ അഭിപ്രായം. 2008 ൽ നിലവിലെ ഉടമ കൊട്ടാരം സ്വന്തമാക്കുമ്പോൾ 1800 കോടിയിൽ താഴെയായിരുന്നു വില. ഭൂമി വിലയിലുണ്ടായ മാറ്റങ്ങൾ കണക്കാക്കിയാലും ആ തുകയുടെ ഇരട്ടിയിലധികം ഇപ്പോൾ വിലയായി വാങ്ങുന്നത് അന്യായമാണന്നൊണ് പൊതുവേയുള്ള വിലയിരുത്തൽ. കൊട്ടാരത്തിന്റെ നിലവിലെ ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല എന്നത് വിൽപന സംബന്ധിച്ച നിഗൂഢത വെളിവാക്കുന്നു എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.