സൂർ വിലായത്ത് 2024ലെ ‘അറബ് ടൂറിസം ക്യാപിറ്റലാ’യതോടെ ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ച് ഒമാൻ. ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം) എക്സ്പോയിൽ പങ്കെടുക്കവേയാണ് ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം സൂർ വിലായത്തിലെ ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ചത്.
സൂർ വിലായത്ത് അറബ്, അന്തർദേശീയ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി മാറുമെന്ന് അറബ് ടൂറിസം ഓർഗനൈസേഷനിലെ ഇവന്റ്സ് ആൻഡ് മീഡിയ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഡോ. വാലിദ് അലി അൽ ഹെന്നവി പ്രത്യാശ പ്രകടിപ്പിച്ചു. വൈവിധ്യമാർന്ന സമുദ്ര, പാരിസ്ഥിതിക വിനോദസഞ്ചാര സവിശേഷതകൾ സൂർ വിലായത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അറബ് ടൂറിസം ക്യാപിറ്റൽ’ എന്ന പദവി നേടുന്ന ഒരു നഗരത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം വർധനവ് കൈവരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ ട്രാവൽ ഓപ്പറേറ്ററായ ‘വിസിറ്റ് ഒമാനുമായി’ സഹകരിച്ച് തയ്യാറാക്കിയ ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ചതായി പൈതൃക, ടൂറിസം മന്ത്രാലയത്തിലെ ടൂറിസം മാർക്കറ്റിംഗ് വകുപ്പ് ഡയറക്ടർ സജ്ദ റാഷിദ് അൽ ഗൈത്തിയാണ് വ്യക്തമാക്കിയത്. ‘വിസിറ്റ് ഒമാൻ’ പ്രൊമോഷണൽ വെബ്‌സൈറ്റിൽ പാക്കേജുകൾ ലഭ്യമാകുമെന്നും അവർ കൂട്ടിച്ചേർത്തു. ഒമാൻ ടൂറിസം പാക്കേജുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എമിറേറ്റ്‌സ് എയർലൈനുമായി ‘വിസിറ്റ് ഒമാനും’ ഒമാൻ എയർപോർട്ടുകളും അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ധാരണാപത്രം (എം.ഒ.യു) ഒപ്പുവച്ചു.