ന്യൂഡൽഹി: ഇന്ത്യൻ വൈവിധ്യം തൊലിനിറം അടിസ്ഥാനപ്പെടുത്തി വിശദീകരിക്കാൻ ശ്രമിച്ച് വെട്ടിലായ സാം പിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജി കോൺഗ്രസ് അധ്യക്ഷൻ അംഗീകരിച്ചു. പിത്രോദയുടെ വിവാദ പരാമർശം കോൺഗ്രസ് തള്ളിപ്പറഞ്ഞിരുന്നെങ്കിലും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബി.ജെ.പി നേതാക്കൾ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആയുധമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പിത്രോദയുടെ രാജി.
മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ദി സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തിനിടെ പിത്രോദ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ പദവിയെ കുറിച്ചും നാനാത്വത്തിൽ ഏകത്വമുളള രാജ്യമാണ് ഇന്ത്യ എന്നും സംസാരിക്കുന്നതിനിടയിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായത്.
‘‘ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെപ്പോലെയാണ്, പടിഞ്ഞാറുഭാഗത്തുള്ളവർ അറബികളെ പോലെയാണ്, വടക്കുള്ളവർ വെള്ളക്കാരെപ്പോലെയാണ്, ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെ. എന്നിരുന്നാലും ഞങ്ങളെല്ലാവരും സഹോദരീസഹോദരന്മാരാണ്.’’ എന്നായിരുന്നു പിത്രോദയുടെ വാക്കുകൾ.
പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിറത്തിന്റെ പേരില്‍ വേർതിരിക്കുന്നതും അപമാനിക്കുന്നതും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിന് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിൻ്റെ സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ് എതിർത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് ഇപ്പോഴാണ് മനസ്സിലായതെന്നും ദ്രൗപതി മുർമുവിന്റെ ചർമ്മം ഇരുണ്ടതാണ്, അതിനാൽ അവർ ആഫ്രിക്കക്കാരിയാണെന്ന് കരുതിയ കോണ്‍ഗ്രസ് അവരെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിച്ചിവെന്നും പ്രധാനമന്ത്രി വിമർശിച്ചു.