മൂത്രത്തിലുള്ള ക്യാൽസ്യവും മറ്റ് ധാതുക്കളും വൃക്കയിൽ അടിഞ്ഞു കൂടി കല്ലുകളായി രൂപപ്പെടുന്നതാണ് മൂത്രത്തിൽ കല്ല് എന്ന രോഗാവസ്ഥ. രോഗം ഗുരുതരമാവുന്നതിനനുസരിച്ച് കല്ലുകളുടെ വലുപ്പവും കൂടും.
തുടക്കത്തിൽ തന്നെ രോഗനിർണയം നടത്തിയാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ കിഡ്‌നി സ്‌റ്റോൺ. ശരീരത്തിനാവശ്യമായ വെള്ളം ഉള്ളിലെത്താത്തതാണ് രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
ആവശ്യത്തിലധികം വൈറ്റമിൻ സി ശരീരത്തിലുള്ളത് പുരുഷന്മാരിലെ കിഡ്‌നി സ്റ്റോണിന് കാരണമാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക്‌സുകളുടെ അമിത ഉപയോഗവും വൃക്കയിലെ കല്ലുകൾക്ക് കാരണമാകാം. മിക്കവരിലും മൂത്രത്തിനൊപ്പം തനിയെ കല്ലുകൾ പോകാറുണ്ടെങ്കിലും ചിലർക്ക് ഓപ്പറേഷൻ ആവശ്യമായി വരാറുണ്ട്.
രോഗമെത്തി ചികിത്സിക്കുന്നതിലും നല്ലത് അതിനെ പ്രതിരോധിക്കുകയാണ് എന്നതുകൊണ്ട് തന്നെ കിഡ്‌നി സ്‌റ്റോണിന്റെ പൊതുവായ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
അസഹ്യമായ വേദന
അസഹ്യമായ വേദനയാണ് മൂത്രത്തിൽ കല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. നിശ്ചിത ഇടവേളകളൊന്നുമില്ലാതെ ഇടയ്ക്കിടെ നടുവിനോ അടിവയറിനോ നാഭിക്കോ വേദന വന്നാൽ ഡോക്ടറെ കാണാൻ മടിക്കേണ്ട.
മൂത്രത്തിൽ രക്തം
മൂത്രം പിങ്കോ ചുവപ്പോ ബ്രൗണോ നിറങ്ങളിൽ കാണപ്പെടുകയാണെങ്കിൽ അതിനർഥം മൂത്രത്തിൽ രക്തമുണ്ടെന്നാണ്. കിഡ്‌നി സ്റ്റോണിന്റെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണിത്. എന്നാൽ മൂത്രത്തിൽ രക്തം മറ്റ് പല രോഗങ്ങളുടെയും ലക്ഷണമാണെന്നത് കൊണ്ടു തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
മൂത്രശങ്ക കഠിനം
എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന തോന്നുക,പുകച്ചിൽ അനുഭവപ്പെടുക,മൂത്രമൊഴിക്കാനാവാത്ത അവസ്ഥ വരിക,മൂത്രത്തിന് അസ്വാഭാവിക മണം തോന്നുക തുടങ്ങിയവയൊക്കെയും മൂത്രത്തിൽ കല്ലിന്റെ ലക്ഷണങ്ങളാണ്.
മനം പിരട്ടലും ഛർദിയും
മനംപിരട്ടലും ഛർദിയും മൂത്രത്തിൽ കല്ലുള്ളവരിൽ പൊതുവായി കണ്ടുവരാറുണ്ട്. എന്നാലിത് വേദന കൊണ്ടും ഉണ്ടാവാം. മൂത്രത്തിൽ കല്ലുള്ളതിന്റെ പ്രധാന ലക്ഷണങ്ങളായി ഇവയെ കാണേണ്ടതില്ല.
പനി
അടിവയറ്റിലോ നടുവിനോ വേദനയും ഒപ്പം പനിയുമുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണണം. മൂത്രനാളിയിലുള്ള അണുബാധയുടെ പ്രധാനലക്ഷണങ്ങളാണിവ.