അതിഥികളെ സല്‍ക്കരിക്കാൻ കിടിലനൊരു മത്തി പെരളന്‍

എന്നും നല്ല കുടംപുളിയിട്ട് വെച്ച മത്തിക്കറിക്ക് നല്ല സ്വീകാര്യതയാണ്. മത്തി കറിവെച്ചതും അല്‍പം കപ്പയും ഉണ്ടെങ്കില്‍ വേറൊന്നും വേണ്ട, ഇത് മലയാളികൾക്ക് ഒരു ഹരമാണ്. എന്നാൽ ഇന്നൊരു വെറൈറ്റി ആയാലോ? സാധാരണ മത്തികറി വെക്കുന്നതില്‍ നിന്ന് അല്‍പം വ്യത്യസ്തമായി മത്തി പെരളനാക്കിയാലോ? ഏത് അതിഥി വീട്ടില്‍ വന്നാലും ഉച്ചയൂണ് കേമമാക്കാന്‍ നല്ല മത്തി പെരളന്‍ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • തക്കാളി- മൂന്നെണ്ണം
  • സവാള- രണ്ടെണ്ണം
  • ഉപ്പ്- പാകത്തിന്
  • വിനാഗിരി- ഒരു ടീസ്പൂണ്‍
  • വെളിച്ചെണ്ണ- പാകത്തിന്
  • ഉണക്കമുളക്- പത്തെണ്ണം
  • വെളുത്തുള്ളി- പത്ത് അല്ലി

തയ്യാറാക്കുന്ന വിധം

മത്തി നല്ലതു പോലെ വൃത്തിയാക്കിയ ശേഷം ഇരു വശവും വരയുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ സവാള ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് ഉണക്കമുളകും വെളുത്തുള്ളിയും നല്ലതു പോലെ അരച്ച് ചേര്‍ക്കാം. നന്നായി വഴറ്റിയ ശേഷം തക്കാളി ചേര്‍ക്കാവുന്നതാണ്. പിന്നീട് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വറ്റിക്കുക.

വെള്ളം നല്ലതു പോലെ വറ്റിയ പരുവമാകുമ്പോള്‍ ഇതിലേക്ക് മത്തി എടുത്ത് ഓരോന്നായി നരത്തിയിടാം. മത്തി ഓരോ ഭാഗവും മറിച്ചും തിരിച്ചുമിട്ട് പൊടിയാതെ വേവിച്ചെടുക്കാം. ഇതിലേക്ക് പാകത്തിന് വെള്ളവും അല്‍പം വിനാഗിരിയും ഉപ്പും ചേര്‍ക്കാം. പിന്നീട് അടച്ച് വെച്ച് അല്‍പസമയം വേവിക്കുക. നല്ലതു പോലെ ചാറ് കുറുകി വരുമ്പോള്‍ വാങ്ങി വെക്കാം. വാങ്ങി വെച്ചതിനു ശേഷം അല്‍പം കറിവേപ്പിലയും വെളിച്ചെണ്ണയും താളിക്കാവുന്നതാണ്. നല്ല മത്തി പെരളന്‍ തയ്യാര്‍.