പരീക്ഷിച്ചു മതിയായില്ലേ? അപേക്ഷയും കാശും വാങ്ങി അനങ്ങാതെ വകുപ്പ്. നക്ഷത്രമെണ്ണി സ്‌കൂളുകാരും. കാത്തിരുന്നു മടുത്ത് ജനം

ഡ്രൈവിംഗ് ടെസ്റ്റ് പരീക്ഷയ്ക്കായി ഒന്‍പതര ലക്ഷം അപേക്ഷരില്‍ നിന്നും 130 കോടി പിരിച്ച മോട്ടോര്‍ വാഹന വകുപ്പ് എന്തു ചെയ്യുമെന്നറിയാതെ കൈമലര്‍ത്തുന്നു. ഡ്രൈവിംഗ് ടെസ്റ്റു ഉള്‍പ്പടെയുള്ള ഗതാഗത കാര്യങ്ങളില്‍ ചുമതലയുള്ള മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഇപ്പോള്‍ വിദേശ യാത്രയിലാണ്. സര്‍ക്കുലറുമായി മുന്നോട്ട് പോകാനാണ് ഗതാഗത വകുപ്പിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശമെങ്കില്‍ ആ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് അവശ്യപ്പെട്ട് സമരത്തിലാണ് സംസ്ഥാനത്തെ മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍.

ലേണഴ്‌സ് ടെസ്റ്റു നടത്തി ആറുമാസക്കലയളവിനുള്ളില്‍ പരീക്ഷ നടത്തണമെന്ന വ്യവസ്ഥയില്‍ പിടിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് തത്ക്കാലം തടിയൂരുന്നത്. പ്രതിഷേധം നീണ്ടു പോകുന്ന സാഹചര്യത്തിലും അപേക്ഷകരുടെ എണ്ണം കൂടുന്നതിലും എംവിഡിക്ക് ആശങ്കയുണ്ടെങ്കിലും സര്‍ക്കാര്‍ നടപടിക്കായി കാത്തിരിക്കുകയാണ്. ഇനി സമരം അവാസാനിച്ചാലും ദിനംപ്രതി പരീക്ഷ നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവു വരുത്തണം. എന്നാല്‍ മാത്രമെ അഞ്ചു ദിവസമായി മുടങ്ങിയിരിക്കുന്ന പരീക്ഷകള്‍ കൂടി നടത്താന്‍ സാധിക്കു.

സമരപരിപാടികളും പ്രതിഷേധവും അനിശ്ചിതക്കാലത്തേക്ക് നീണ്ടു പോയാല്‍ അപേക്ഷിച്ചവരെ എണ്ണം കൂടും. ഇത് ആകെ താളം മറിയുന്ന അവസ്ഥയിലേക്ക് പോകുമെന്ന് മോട്ടോര്‍ വാഹന കുപ്പ് വിലയിരുത്തുന്നു. പ്രതിഷേധം കടുക്കുന്നതോടെ എന്തെങ്കിലും ബദല്‍ സംവിധാനം ഒരുക്കി ടെസ്റ്റു നടത്താനുള്ള ശ്രമങ്ങളും വകുപ്പ് ആലോചിക്കുന്നുണ്ട്. സര്‍ക്കുലര്‍ പ്രകാരം മൂന്ന് മുതല്‍ ആറുമാസം വരെ സമയം ഡ്രൈവിംഗ് സ്‌കൂളുകാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കുലര്‍ നടപ്പാക്കുന്നതിനു മുന്‍പേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ നടത്താനാണ് അസോസിയേഷനുകള്‍ ശ്രമിക്കുന്നതെന്ന് എംവിഡി നിലപാട്.

അതിനിടെ, ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ് വന്നെങ്കിലും പ്രതിഷേധക്കാരുടെ തടഞ്ഞതോടെ അതു നടന്നില്ല. ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ കൈവശമുണ്ടായിരിക്കണമെന്നുള്ള നിര്‍ദേശം മാത്രമാണ് വകുപ്പ് നല്‍കിയിട്ടുള്ളത്. എല്ലാ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ സമരം കാരണം ടെസ്റ്റിനു സമ്മതം അറയിച്ചുവന്നവരെയും തടഞ്ഞിതിനാല്‍ അതും നടന്നില്ല.

സംസ്ഥാനത്തെ 86 കേന്ദ്രങ്ങളിലാണ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നക്കുന്നത്. തിരുവനന്തപുരം മുട്ടത്തറയിലുള്ള ഓട്ടോമെറ്റിക്ക് ടെസ്റ്റിങ് കേന്ദ്രത്തിലാണ് പ്രതിഷേധക്കാരുടെ സംസ്ഥാനതല സമരം നടക്കുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ പലയിടങ്ങളിലും ടെസ്റ്റ് നടത്താന്‍ ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സമ്മതിക്കാത്തതിനാല്‍ എല്ലായിടങ്ങളിലും മുടങ്ങിയ അവസ്ഥയിലാണ്.

ഡ്രൈംവിഗ് ടെസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഓള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്റെ സമരം അഞ്ചാം ദിവസത്തില്‍ തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടില്‍ 21 പേര്‍ക്ക് ആയിരുന്നു സ്ലോട്ട് നല്‍കിയിരുന്നത്. രാവിലെ ഉദ്യോഗസ്ഥരെത്തി പേര് വിളിച്ചെങ്കിലും ഒരാള്‍ പോലും ടെസ്റ്റിന് എത്താത്തതിനെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം മേയ് 13 ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ബഹുജന പ്രക്ഷോഭവും സംഘടിപ്പിക്കുമെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്‍ സംയുക്ത സമരസമിതി അറിയിച്ചു. കേരളത്തില്‍ നിന്നുള്ള എല്ലാ ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയഷന്‍ പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു.