ഡൽഹി: എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരമായി. ക്യാബിൻ ക്രൂ അംഗങ്ങളുടെ സമരം അവസാനിപ്പിച്ചതോടെയാണ് ഇതുവരെ തുടർന്ന യാത്ര പ്രതിസന്ധിക്ക് പരിഹാരമായത്. എയർ ഇന്ത്യ എക്സ്‍പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചർച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കാനും മാനേജ്മെന്റ് തീരുമാനിച്ചു.
റീജനൽ ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. മാനേജ്മെന്റും ജീവനക്കാരും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.
എയർ ഇന്ത്യ ജീവനക്കാരുമായുള്ള തർക്കത്തിൽ മാനേജ്മെന്റിനെ ലേബർ കമ്മിഷണർ രൂക്ഷമായി വിമർശിച്ചതിന്റെ വിശദാംശങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തൊഴിൽ നിയമത്തിന്റെ ലംഘനം നടന്നെന്നായിരുന്നു ഡൽഹി റീജനൽ ലേബർ കമ്മിഷണറുടെ വിമർശനം. ജീവനക്കാരുടെ പരാതികൾ യാഥാർഥ്യമാണെന്നും നിയമലംഘനം നടന്നെന്നും കമ്മിഷൻ വ്യക്തമാക്കി. അനുരഞ്ജന ചർച്ചകൾക്ക് ഉത്തരവാദപ്പെട്ട ആരെയും നിയോഗിച്ചില്ല. അനുരഞ്ജന ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഡൽഹി റീജനൽ ലേബർ കമ്മിഷണർ എയർ ഇന്ത്യ ചെയർമാന് അയച്ച ഇ–മെയിലിലായിരുന്നു വിമർശനം.
സമരം മൂലം ഇന്ന് 74 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ സമരത്തിനെതിരെ കർശന നടപടിയുമായി എയർ ഇന്ത്യ എക്സ്‍പ്രസ് രംഗത്തെത്തിയിരുന്നു. 220ലേറെ ക്യാബിൻ ക്രൂ അംഗങ്ങളാണ് സമരം നടത്തിയിരുന്നത്.
സമരത്തെ തുടർന്ന് ഇന്നലെ മാത്രം 91 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ, 102 വിമാന സർവീസുകൾ വൈകുകയും ചെയ്തു. സമരത്തിൽ ഇല്ലാത്ത മുഴുവൻ ജീവനക്കാരെയും ജോലിക്ക് ഇറക്കിയാലും ഒരു ദിവസം ചുരുങ്ങിയത് 40 ഫ്ലൈറ്റുകൾ എങ്കിലും റദ്ദാക്കേണ്ടി വരുമെന്നതായിരുന്നു സാഹചര്യം. ഇതിന് പിന്നാലെയാണ് സിഇഒ, ജീവനക്കാരുമായി ചർച്ച നടത്തിയത്.