മേയര്‍ ഡ്രൈവര്‍ തര്‍ക്കം: മെമ്മറികാര്‍ഡിനായി പോലീസിന്റെ പരക്കംപാച്ചില്‍; കണ്ടക്ടര്‍ സുബിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ മെമ്മറി കാര്‍ഡ് തിരഞ്ഞ് പോലീസ് കുഴയുന്നു. അവസാനം മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ സുബിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. തമ്പാനൂര്‍ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. തര്‍ക്കത്തിന്റെയും ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെയും ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ടാകും. ഇതടങ്ങിയ മെമ്മറി കാര്‍ഡാണ് നഷ്ടപ്പെട്ടത്.

കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെയും കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്. യദുവിന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങള്‍ തന്നെയാണ് എഫ്.ഐ.ആറിലുമുണ്ടായിരുന്നത്. ബസിലെ സി.സി.ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിന്‍ ദേവ് എം.എല്‍.എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്.ഐ.ആറിലുണ്ട്. എം.എല്‍.എ അസഭ്യവാക്കുകള്‍ ഉപയോഗിച്ചതായി എഫ്.ഐ.ആറിലുണ്ട്. കോടതിയില്‍ നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ അങ്ങനെ തന്നെ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

അതേസമയം, ആ ബസിന്റെ കണ്ടക്ടര്‍ സുബിന്‍ KSRTC വിജിലന്‍സിന് നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. കണ്ടക്ടര്‍ സീറ്റ് പുറകിലായിരുന്നതിനാല്‍ മുന്‍പില്‍ നടന്ന വിഷയങ്ങള്‍ കണ്ടില്ലെന്നായിരുന്നു മൊഴി. ഈ മൊഴി മേയര്‍ക്കോ കണ്ടക്ടര്‍ക്കോ അനുകൂലമല്ല. സംഭവത്തിനാധാരമായ വിഷയം കണ്ടവരായി ആരുമില്ല എന്നതാണ് ഈ കേസിലെ പ്രധാന പ്രശ്‌നം. സാക്ഷികളായി ആരുമില്ലാത്ത കേസായതു കൊണ്ട് മെമ്മറി കാര്‍ഡ് കിട്ടാതെ കേസ് മുമ്പോട്ടു പോകില്ല. സംഭവം നടന്നതിനു ശേഷം ഡ്രൈവര്‍ യദുവിനെ പോലീസ് ജീപ്പിലാണ് കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

പിന്നീട്, ബസ് റോഡ് സൈഡില്‍ ഒതുക്കിയിടുകയായിരുന്നു. ബസ് കസ്റ്റിഡിയിലെടുത്തെങ്കിലും സ്‌റ്റേഷനിലേക്കു കൊണ്ടു പോയില്ല. KSRTC വിജിലന്‍ വന്നാണ് ബസ് തമ്പാനൂര്‍ ഡിപ്പോയിലേക്ക് മാറ്റുന്നത്. അതും പുലര്‍ച്ചെ ഒരു മണിക്ക്. അപ്പോഴും യദുവിനെ റിലീസ് ചെയ്തിരുന്നില്ല. ഡ്രൈവറും മേയറും പ്രശ്‌നം ഉണ്ടാകുന്ന സമയം മുതല്‍ പോലീസെത്തി യദുവിനെ കസ്റ്റഡിയില്‍ എടുക്കുന്നതു വരെ ബസില്‍ നിന്നും മെമ്മറി കാര്‍ഡ് ഊരിയെടുക്കാന്‍ സമയം കിട്ടിയിട്ടില്ല എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ യദു മെമ്മറി കാര്‍ഡ് എടുത്തുവെന്നു പറയുന്നത് വെറും ആരോപണം മാത്രമാകാനേ വഴിയുള്ളൂ. പിന്നീട് യദു ഈ ബസ് കണ്ടിട്ടുപോലുമില്ലെന്നതാണ് മറ്റൊരു സത്യം.

കാരണം, വിഷയം വിവാദമായതോടെ യദുവിനോട് ജോലിക്കു വരണ്ടെന്ന് KSRTC പറയുകയും ചെയ്തു. മാത്രമല്ല, ഈ ബസ് സംഭവം നടന്ന് പിറ്റേദിവസം മുതല്‍ തിരുവനന്തപുരം-തൃശൂര്‍ ഓട്ട നടത്തുകയുമാണ്. യദുവിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുമ്പോള്‍ ബസില്‍ നിന്നും യാത്രക്കാരെ ഇറക്കിയിരുന്നു. ഒപ്പം കണ്ടകടറും ഇറങ്ങിയിരുന്നു. ഡ്രൈവറെ പോലീസ് കൊണ്ടു പോയതിനു ശേഷം ബസിന്റെ കസ്‌റ്റോഡിയന്‍(അതായത്, KSRTC വിജിലന്‍സ് പുല്‍ച്ചെ ഒരു മണിക്കു ബസ് റിലീസ് ചെയ്ത് കൊണ്ടു പോകുന്നതു വരെയും) കണ്ടക്ടറാണ്. അപ്പോള്‍ കണ്ടക്ടര്‍ സുബിന്‍ ബസിനുള്ളില്‍ നിന്നും എന്തു നഷ്ടപ്പെട്ടാലും അതിന്റെ ഉത്തരവാദിയാകും. അതാണ് പോലീസ് സുബിനെ വിളിപ്പിച്ചിരിക്കുന്നത്.