കയ്പുണ്ടെങ്കിലും ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഭക്ഷണവസ്തുവാണ് പാവയ്ക്ക. പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ക്ക്. പാവയ്ക്ക കൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങളുമുണ്ടാക്കാം. വറുക്കുന്നത് പാവയ്ക്കയുടെ കയ്പ് കുറയ്ക്കുകയും ചെയ്യും. പാവയ്ക്കയില്‍ തേങ്ങാ ചേര്‍ത്ത് വറുക്കുന്നത് ഒരു വ്യത്യസ്ത രുചിയാണ്. ഇതിന്റെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പാവയ്ക്ക-5
- കടലപ്പരിപ്പ്-1 ടീസ്പൂണ്‍
- ജീരകം-അര ടീസ്പൂണ്‍
- കടുക്-അര ടീസ്പൂണ്‍
- ഉണക്കമുളക്-3
- വെളുത്തുള്ളി-5
- തേങ്ങാ ചിരകിയത്-അര ടീസ്പൂണ്‍
- മ്ഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- മുളകുപൊടി-അര ടീസ്പൂണ്‍
- ഉപ്പ്
- എണ്ണ
- പാവയ്ക്ക
തയ്യറാക്കുന്ന വിധം
കഴുകി കുരു നീക്കി കനം കുറച്ച് വട്ടത്തില്‍ അരിയുക. ഇതില്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി 10 മിനിറ്റു വയ്ക്കണം. ഇതിനു ശേഷം പാവയ്ക്ക പിഴിഞ്ഞ് വെള്ളമുണ്ടെങ്കില്‍ കളയുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലിട്ട് പാവയ്ക്ക നാലഞ്ചു മിനിറ്റു നേരം വറുക്കണം. ഇത് മൊരിയുന്നതു വരെ വറുക്കുക. ഇത് മാറ്റി വയ്ക്കണം. തേങ്ങ, വെളുത്തുള്ളി, മുളകുപൊടി എന്നിവ ചേര്‍ത്തരയ്ക്കുക. തേങ്ങാപ്പാല്‍ പിഴിഞ്ഞു കളഞ്ഞ ശേഷം അരച്ചാല്‍ കൂടുതല്‍ നന്ന്. വെള്ളം ചേര്‍ക്കരുത്. പാനില്‍ എണ്ണ തിളപ്പിച്ച് ജീരകം, കടുക്, കടലപ്പരിപ്പ്, ഉളക്കമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിയ്ക്കുക. ഇതിലേയ്ക്ക് അരപ്പു ചേര്‍ത്തിളക്കണം. ഇത് അല്‍പനേരം വേവിയ്ക്കുക. വറുത്ത പാവയ്ക്കാ കഷ്ണങ്ങള്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. വേണമെങ്കില്‍ അല്‍പം ഉപ്പു ചേര്‍ത്ത് നല്ലപോലെ ഇളക്കി വാങ്ങി വയ്ക്കാം.