സെക്രട്ടേറിയറ്റിൽ 15 ലക്ഷം ഫയൽ കെട്ടിക്കിടക്കുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അറിയിച്ചു. ഓരോ മാസവും ലഭിക്കുന്ന ആകെ തപാലുകളിൽ ഭൂരിഭാഗവും പഴയ ഫയലുകളുമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷൻ ആയിരിക്കും. ശേഷിക്കുന്ന പുതിയ തപാലുകൾ പുതിയ ഫയലുകൾ ആയി ക്രിയേറ്റ് ചെയ്ത് നടപടി സ്വീകരിക്കും. ജനുവരി മാസത്തെ ഫയൽ പെൻഡൻസി 3,04,556 ൽ നിന്നും ഏപ്രിൽ മാസാവസാനത്തിൽ 2,99,363 ആയിട്ടുണ്ട്.
സെക്രട്ടേറിയറ്റിൽ ഓരോ മാസവും ലഭിക്കുന്ന തപാലുകളുടെയും ക്രിയേറ്റ് ചെയ്യപ്പെടുന്ന ഫയലുകളുടെയും തീർപ്പാക്കുന്ന ഫയലുകളുടെയും അവശേഷിക്കുന്ന ഫയലുകളുടെയും എണ്ണം രേഖപ്പെടുത്തിയ പ്രതിമാസ പ്രവർത്തന പത്രികയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 2024 ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സ്ഥിതി വിവര കണക്ക് മാസം, ഓരോ മാസവും ലഭിച്ച തപാൽ, ക്രിയേറ്റ് ചെയ്യപ്പെട്ട പുതിയ ഫയലുകൾ, അവശേഷിച്ചവയിൽ ആ മാസം തീർപ്പാക്കിയ ഫയലുകൾ, തീർപ്പാക്കാൻ അവശേഷിക്കുന്ന ഫയലുകൾ എന്ന ക്രമത്തിൽ; ജനുവരി- 1,47,672- 33,088- 37,619- 3,04,556. ഫെബ്രുവരി- 1,40,855- 32,801- 39,973- 3,05,601. മാർച്ച്- 1,28,189- 30,703- 43,693- 3,00,558. ഏപ്രിൽ- 1,17,864- 26,174- 34,990- 2,99,363.
ഇ- ഓഫീസ് സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും സർക്കാർ ഓഫീസുകളിലെ ഫയലുകളുടെയും തപാലുകളുടെയും സ്ഥിതി വിവര കണക്കുകൾ ലഭിക്കുന്ന http://eoffice.gov.in പരിശോധിച്ചാൽ കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ ഫയലുകളുടെ ഓരോ ദിവസത്തെയും സ്ഥിതി വിവര കണക്കുകൾ കാണാനാകും. സെക്രട്ടേറിയറ്റിൽ ആകെ ക്രിയേറ്റ് ചെയ്ത ഫയലുകളുടെയും അതിൽ നിലവിൽ തീർപ്പാക്കാൻ അവശേഷിക്കുന്ന ഫയലുകളുടെയും എണ്ണം കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലൊട്ടാകെ ഇ- ഓഫീസ് നവീകരണ പ്രവർത്തികൾ നടന്നുവരികയാണ്. അതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള നടപടികൾ ത്വരിതഗതിയിൽ നടക്കുന്നു. നവീകരണ പ്രക്രിയ പൂർത്തിയായ ശേഷം ഇ-ഓഫീസ് സിറ്റിസൺ പോർട്ടൽ പുനർരൂപകൽപ്പന ചെയ്തത് കൂടുതൽ വ്യക്തതയുള്ള വിവരം പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിധത്തിൽ നവീകരിക്കും. ഇ- ഓഫീസ് സിറ്റിസൺ പോർട്ടലിലെ വിവരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററി (എൻ.ഐ.സി) നോടും കേരള ഐ.ടി. മിഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്.