India

വൈറലാകാൻ തോക്കും പിടിച്ച് ലഖ്‌നൗ ഹൈവേയിൽ നൃത്തം; യൂട്യൂബർക്കെതിരെ കേസെടുത്ത് യു.പി പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഹൈവേയില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ്. വിഷയം ഗൗരവമേറിയതാണെന്നും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ലഖ്‌നൗ പോലീസ് വ്യക്തമാക്കി.

ലഖ്‌നൗവിലെ തിരക്കേറിയ ഹൈവേയിൽ കൈയിൽ തോക്കുംപിടിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് യൂട്യൂബറായ സിമ്രാൻ യാദവ് ചിത്രീകരിച്ചത്. സംഭവം സോഷ്യൽമീഡിയയിൽ വൈറലാകുകയും ഇത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. യുവതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

മെയ് ഒമ്പതിന് അഡ്വക്കേറ്റ് കല്യാണി ചൗധരി എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടില്‍നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ പ്രശസ്ത യൂട്യൂബര്‍ സിമ്രാന്‍ യാദവ് എന്ന പെണ്‍കുട്ടി കൈയില്‍ പിസ്റ്റോളുമായി ഒരു ഭോജ്പുരി ഗാനത്തിന് ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണുള്ളത്. ലഖ്നൗവിലെ ഇൻസ്റ്റാഗ്രാം താരം സിമ്രാൻ യാദവ് ഹൈവേയിൽ പിസ്റ്റൾ കൈയിലെടുത്ത് നിയമവും പെരുമാറ്റച്ചട്ടവും പരസ്യമായി ലംഘിക്കുന്നു. വീഡിയോ വൈറലായിട്ടും ഉദ്യോഗസ്ഥർ നിശബ്ദത പാലിക്കുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

പൊലീസിനെയടക്കം ടാഗ് ചെയ്തായിരുന്നു വീഡിയോ പോസ്റ്റ് ചെയ്ത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മറുപടിയുമായി ലഖ്‌നൗ പൊലീസ് രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് പ്രതികരിച്ചു. വീഡിയോക്കെതിരെ വ്യാപകവിമർശനവും ഉയർന്നിട്ടുണ്ട്.

യൂട്യൂബില്‍ 1.8 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ 2.2 മില്യണ്‍ ഫോളോവേഴ്‌സുമുള്ള താരമാണ് സിമ്രാന്‍ യാദവ്. ഇത്രയും ഫോളോവേഴ്‌സ് ഉള്ള ഒരാള്‍ ഇത്തരം ഒരു വീഡിയോയിലൂടെ എന്ത് സന്ദേശമാണ് ഫോളോവേഴ്‌സിന് കൊടുക്കുന്നതെന്നും കമന്റുകളിലൂടെ ആളുകള്‍ ചോദിക്കുന്നു.