ഇസ്ലാമാബാദ് : ആറുവയസുകാരന്റെ മൃതദേഹം മറന്നുവച്ച് മാതാപിതാക്കളെ വിമാനം കയറ്റിവിട്ട് പാകിസ്താൻ എയർലൈൻസ് PIA. ഇസ്ലാമാബാദിൽ നിന്ന് സ്കാർദുവിലേക്ക് പോകുമ്പോഴാണ് മൃതദേഹം എയർപോർട്ടിൽ മറന്നുവച്ചത്. കുട്ടിയുടെ ഭൗതികദേഹം ഇസ്ലാമാബാദ് വിമാനത്താവളത്തിൽ തന്നെയിരിക്കുകയാണെന്ന് അറിയാതെ മാതാപിതാക്കൾ സ്കാർദുവിലെത്തി.
ആറ് വയസുള്ള മുജ്താബ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. അർബുദത്തെ തുടർന്ന് നീണ്ടനാളത്തെ ചികിത്സയ്ക്കൊടുവിലായിരുന്നു അന്ത്യം. മകന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു കുടുംബം ഇസ്ലാമാബാദിലെത്തിയത്. കുഞ്ഞ് മരിച്ചതോടെ ജന്മനാട്ടിലെത്തി സംസ്കാരചടങ്ങുകൾ നടത്താൻ മാതാപിതാക്കൾ തീരുമാനിച്ചു. റോഡ് മാർഗമാണെങ്കിൽ 24 മണിക്കൂർ വേണ്ടി വരുമെന്നതിനാലാണ് വിമാനത്തിൽ യാത്ര തിരിക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്.
ഇസ്ലാമാബാദ് എയർപോർട്ടിലെത്തിയ അവർ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിൽ കാർഗോ വഴി മൃതദേഹം അയക്കുന്നതിന് വേണ്ട പ്രക്രിയകൾ പൂർത്തിയാക്കിയിരുന്നു. ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം അവർ വിമാനത്തിൽ കയറി. 9 മണിക്ക് പുറപ്പെട്ട വിമാനം ഒരു മണിക്ക് സ്കാർദുവിൽ എത്തുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആ ദാരുണ സത്യം അവർ തിരിച്ചറിഞ്ഞത്. മാതാപിതാക്കൾ തിരികെ വന്നെങ്കിലും മകന്റെ മൃതദേഹം അപ്പോഴും ഇസ്ലാമാബാദ് എയർപോർട്ടിലാണ്. ഇതോടെ പൊട്ടിക്കരഞ്ഞുപോയ ദമ്പതികൾക്ക് പിന്നീട് എന്തുചെയ്യമെന്ന് പോലും അറിയില്ലായിരുന്നു.
ദമ്പതികളുടെ വീട്ടുകാർ കാര്യങ്ങളറിഞ്ഞതോടെ ഉടൻ തന്നെ സ്കാർദു എയർപോർട്ടിലെത്തുകയും PIA എയർലൈൻസിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. വലിയ വിമർശനം നേരിട്ടതോടെ ക്ഷമാപണം നടത്തി, മൃതദേഹം സ്കാർദുവിലെത്തിക്കുകയായിരുന്നു.
സ്കാർദുവിലെ ഖർമാംഗ് ജില്ലയിലെ കാട്ഷി ഗ്രാമവാസികളാണ് കുടുംബം. ജന്മനാട്ടിൽ വിദഗ്ധ ചികിത്സ ലഭ്യമാകാത്തതിനാലാണ് മകനെയും കൂട്ടി ഇസ്ലാമാബാദിലെ റാവൽപിണ്ടിയിലേക്ക് എത്തിയത്. ആഴ്ചകളോളം ബെനാസീർ ഭൂട്ടോ ആശുപത്രിയിൽ കഴിഞ്ഞെങ്കിലും ആറുവയസുകാരൻമരണത്തിന് കീഴടങ്ങുകയായിരുന്നു. മകന് ഏറ്റവും നല്ല യാത്രയയപ്പ് നൽകാനായിരുന്നു മാതാപിതാക്കൾ നാട്ടിലേക്ക് തിരിച്ചത്. എന്നാൽ പാക് അന്താരാഷ്ട്ര എയർലൈൻസ് കമ്പനിയായ PIA വീഴ്ച വരുത്തുകയായിരുന്നു.