ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലിഷ് ക്രിക്കറ്റ് ഇതിഹാസം ജയിംസ് ആന്‍ഡേഴ്‌സണ്‍. ലോര്‍ഡ്‌സില്‍ വെസ്റ്റിന്‍ഡിസിനെതിരെ ജൂലായ് 10 മുതല്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് തന്റെ കരിയറിലെ അവസാന ടെസ്റ്റായിരിക്കുമെന്ന് ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തി.
സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ് ആന്‍ഡേഴ്‌സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ, 21 വര്‍ഷം നീണ്ട കരിയറിനാണ് 41കാരനായ ആന്‍ഡേഴ്‌സണ്‍ വിരാമമിടുന്നത്.
‘ലോഡ്സില്‍ നടക്കുന്ന വേനല്‍ക്കാലത്തെ ആദ്യ ടെസ്റ്റ് എന്റെ അവസാന ടെസ്റ്റായിരിക്കും. രാജ്യത്തെ 20 വര്‍ഷം പ്രതിനിധാനം ചെയ്തു എന്നത് അവിശ്വസനീയമാണ്. കുട്ടിക്കാലംതൊട്ട് ഇഷ്ടപ്പെട്ട ക്രിക്കറ്റ് കളിക്കുന്നു. ഇംഗ്ലണ്ട് ടീമില്‍നിന്ന് പുറത്തുകടക്കുന്നത് വളരെയധികം മിസ്സ് ചെയ്യും. പക്ഷേ, മാറിനില്‍ക്കാനുള്ള സമയമാണിതെന്നറിയാം. എനിക്ക് ലഭിച്ചതുപോലെ മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അനുവദിക്കുക. എന്തെന്നാല്‍ ഇതിലും വലിയ വികാരമില്ല’ – ആന്‍ഡേഴ്സന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
21 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിംബാബ്‌വേയ്‌ക്കെതിരെ 2003 മേയ് 22ന് അരങ്ങേറിയ വിഖ്യാതമായ ലോഡ്‌സ് മൈതാനത്തിലാണ് തന്റെ അവസാന മത്സരവും കളിക്കാന്‍ ആന്‍ഡേഴ്‌സണ്‍ തീരുമാനമെടുത്തിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോഡിന് ഉടമയായ അദ്ദേഹം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഫാസ്റ്റ് ബൗളര്‍ കൂടിയാണ്. സ്പിന്‍ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍ എന്നിവര്‍ കഴിഞ്ഞ് ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ആന്‍ഡേഴ്‌സണ്‍.
രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 400 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ജയിംസ് ആന്‍ഡേഴ്‌സണ്‍. ഇതിനകം 987 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.