കിണറിൽ തോട്ട പൊട്ടിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശി രാജേന്ദ്രൻ (43) ആണ് മരിച്ചത്. തേക്കിൻകോഡിൽ തൊട്ടോളി നൗഫൽ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കിണറിൽ തോട്ട പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. സ്ഫോടക വസ്തുവിന് തിരികൊളുത്തിയ ശേഷം മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചതോടെ പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻ ചാർജ് കെ. സജിത്തിന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേന സ്ഥലത്തെത്തിയാണ് രാജേന്ദ്രനെ പുറത്തെടുത്തത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത്, സുധിന്ദ്രൻ, അനീഷ്, ഹോം ഗാർഡ്മാരായ രാമകൃഷ്ണൻ, ശിവദാസ്, ഉണ്ണികൃഷ്ണൻ, ഗോപകുമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
പരിസരത്തുണ്ടായിരുന്ന ട്രൗമാ കെയർ വളണ്ടിയർ ജബ്ബാർ സഹായത്തിനുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെ ഉടനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.