Kerala

ആ ബസില്‍ കയറിവര്‍ക്കെല്ലാം എന്തു സംഭവിക്കുന്നു ? ആര്‍ക്കെങ്കിലും അറിയാമോ ?

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും മുമ്പ് ഉമ്മന്‍ചാണ്ടി ആയിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടി എന്ന മുന്‍ മുഖ്യമന്ത്രി മരണപ്പെട്ട് സ്വര്‍ഗത്തിലും, അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ പുതിയ എം.എല്‍.എ ആയി നിയമസഭയിലും എത്തി. വര്‍ഷം പത്ത് പതിമൂന്നു കഴിഞ്ഞു. എന്നിട്ടും, ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി കസേരയില്‍ കയറിയിരുന്ന ഒരു ആളിന്റെ കഥ ഇന്നും മലയാളികള്‍ മറക്കാനിടയില്ല.

ടാഗോര്‍ തിയേറ്ററില്‍ വെച്ചായിരുന്നു അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടന്നതെന്നാണ് ഓര്‍മ്മ. സത്യപ്രതിജ്ഞയ്ക്കു ശേഷം അധികാരമേല്‍ക്കാന്‍ ഉമ്മന്‍ചാണ്ടി സെക്രട്ടേറിയറ്റിലെ തന്റെ മുറിയിലെത്തുമ്പോള്‍ അതാ, കസേരയില്‍ ഒരാളിരിക്കുന്നു. എല്ലാവരും ഒന്നുഞെട്ടി. ഉമ്മന്‍ചാണ്ടി ചോദിച്ചു ‘ ആരാണാവോ മനസ്സിലായില്ല’, അയാള്‍ ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞു, ‘ ഞാനാണ് മുഖ്യമന്ത്രി’. ശരിയെന്നു പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ നോക്കിയ ഉമ്മന്‍ചാണ്ടി ചിരിച്ചു.

അപ്പോഴാണ് തിരിച്ച് ഒരു ചോദ്യം വന്നത്. ‘നിങ്ങളാരാണ്’ എന്ന്. ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞു. ‘ ഞാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എന്റെ കസേരയാണിത്. ഒന്നു മാറി തന്നാല്‍ ഇരിക്കാമായിരുന്നു.’ ഇത്രയും പറഞ്ഞു തീരും മുമ്പ് സെക്യൂരിട്ടിയും പോലീസും ഗണ്‍മാനുമൊക്കെ വന്ന് അയാളെ പൊക്കിയെടുത്ത് കൊണ്ടുപോയി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂട്ടച്ചിരിയും പടര്‍ന്നു. അല്‍പ്പ നേരമെങ്കിലും മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന അയാള്‍ക്ക് ലഭിച്ച സംതൃപ്തിയും, സുഖ സൗകര്യങ്ങളെയും കുറിച്ചാണ് പറഞ്ഞു വന്നത്.

അതായത്, മുഖ്യമന്ത്രിയുടെ കസേരയില്‍ തത്ക്കാലമോ, വെറുതേയോ, ഇരിക്കുന്നവര്‍ ആരായാലും, അവര്‍ക്കു തോന്നുന്നത്, അവര്‍ മുഖ്യമന്ത്രിയായെന്നാണ്. അതുപോലെത്തന്നെയാണ്, മുഖ്യമന്ത്രി സഞ്ചരിക്കു വാഹനം, വീട്, ഉപയോഗിക്കുന്ന വസ്ത്രം ഇതെല്ലാം ഉപയോഗിക്കാന്‍ ഭാഗ്യം കിട്ടുന്നവര്‍ക്കും, താനൊരു മുഖ്യമന്ത്രിയായെന്നു തോന്നും. പക്ഷെ, അങ്ങനെയൊന്നുമല്ലെന്ന് സ്വയം ബോധ്യമുള്ളതും, മറ്റുള്ളവര്‍ക്ക് അറിയാവുന്നതുമാണ്. എങ്കിലും ഒരു സുഖമുണ്ട്. അത്രമാത്രം.

അതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സ് യാത്രയ്ക്കായ് വാങ്ങിയ കോടി രൂപയുടെ ബസിന്റെ കാര്യവും. കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഓടുന്ന ബസിന്റെ സീറ്റ് റിസര്‍വേഷനൊക്കെ നടത്തുന്നവര്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെയായി മാറുകയാണെന്നാണ് സംസാരം. ബസ് കോഴിക്കോട് നിന്നും-ബംഗളൂരു വരെ പോകുന്ന, വഴിവക്കിലെല്ലാം കാഴ്ചക്കാരുണ്ട്. കൗതുകത്തോടെയാണ് ഈ ബസിലെ യാത്രക്കാരെ എല്ലാവരും നോക്കുന്നത്. ഈ ബസ് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഒരു ക്യാബിനറ്റായിരുന്നല്ലോ. മന്ത്രിമാരെല്ലാം ചേരുന്ന മന്ത്രിസഭാ ബസ്.

അതില്‍ കയറി ഇരിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് ഇപ്പോഴത്തെ യാത്രക്കാര്‍. മുഖ്യമന്ത്രി ഇരുന്ന കസേരയും, മന്ത്രിമാര്‍ ഉപയോഗിച്ച സീറ്റുകളുമൊക്കെ യാത്രക്കാര്‍ക്ക് വലിയ പ്രചോദനം നല്‍കുന്നുണ്ട്. അവരവര്‍ക്ക് ഇഷ്ടമുള്ള മന്ത്രിമാര്‍ ഇരുന്ന സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നവരും കുറവല്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കസേരയില്‍ കുറച്ചു നേരം ഇരിക്കാന്‍ കഴിഞ്ഞ ആളെപ്പോലെത്തന്നെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുന്ന സീറ്റുകളില്‍ ഇരിക്കാന്‍ കഴിയുന്നത് വലിയ കാര്യമായിട്ടാണ് യാത്രക്കാര്‍ കാണുന്നത്.

ഗരുഡ പ്രിമിയം എന്ന് പേരുമാറ്റിയ ബസ് യാത്ര തിരിക്കുമ്പോള്‍ മുതല്‍ ബംഗളൂരു വരെ കാഴ്ചക്കാരാണ്. ബസ് സ്റ്റാന്റില്‍ നിര്‍ത്തുമ്പോള്‍ ഇറങ്ങി വരുന്ന യാത്രക്കാരും മന്ത്രിമാരെപ്പോലെയൊക്കെയാണ് ഇറങ്ങുന്നത്. ബസിന് റിസര്‍വേഷന്‍ കുറഞ്ഞെങ്കിലും കയറുന്നവരെല്ലാം വി.വി.ഐ.പികളെപ്പോലെയാണ് യാത്ര ചെയ്യുന്നത്.