മഞ്ഞുമ്മൽ ബോയ്സ് കണ്ടില്ലേ കുട്ടേട്ടനെ മറന്നോ..എന്നാൽ കുട്ടേട്ടനെ ഓർമ്മിപ്പിക്കുന്ന മറ്റൊരു കഥ പറയട്ടെ..
മഞ്ഞുമ്മൽ ബോയ്സ് കണ്ട ഒരു പ്രേക്ഷകന് തന്റെ ജീവിതത്തിൽ നേരിട്ട ഇത് പോലെ ഒരു പ്രശ്നത്തെ കുറിച്ച് പറയുകയാണ്. ഉപ്പാ ഇപ്പോൾ ഒരു സിനിമ ഇറങ്ങിയിട്ടുണ്ടല്ലോ , കൊടൈക്കനാലിൽ കുറച്ചു സുഹൃത്തുക്കൾ ചേർന്നു ടൂറ് പോയപ്പോൾ അതിലൊരാൾ ഒരു ഗുഹയിലേക്ക് വീണു പോകുന്നതും പിന്നെ കൂട്ടത്തിൽ തന്നെ ഒരാൾ രക്ഷിക്കുന്നതും . അത് നടന്നൊരു കഥയായിട്ടാണ് സ്കൂളിൽ എല്ലാവരും പറയുന്നത് അത് ശരിയാണോ?ആ ഗുഹയിലകപ്പെട്ട ഒരു മലയാളി മാത്രം അതിൽ നിന്നു രക്ഷപ്പെട്ടു തിരിച്ചു വന്നു .
അങ്ങനെയൊരാൾ ഈ ഗുഹയിൽ നിന്നു രക്ഷപ്പെട്ടതിലൂടെ വലിയൊരു സന്ദേശമാണ് നമുക്ക് ലഭിക്കുന്നത്. തമിഴ്നാട് ഫയർഫോഴ്സ് , പോലീസ് , ഫോറസ്റ്റ് ഡിപാർട്ട്മെൻ്റ് തുടങ്ങി ഉത്തരവാദിത്വപ്പെട്ടവർ ഭയപ്പെട്ടു പിന്മാറിയപ്പോഴും മറ്റൊന്നും നോക്കാതെ തൻ്റെ കൂട്ടുകാരനു വേണ്ടി പ്രതികൂല സാഹചര്യത്തിലും ഗുഹയിലേക്കിറങ്ങാൻ തയ്യാറാവുകയും അവനുമായി തിരിച്ചു വരികയും ചെയ്ത മറ്റൊരു കൂട്ടുകാരൻ , അവനെ രക്ഷപ്പെടുത്തുന്നത് വരെ അവിടെ കാവലിരുന്ന അവൻ്റെ മറ്റു ചങ്ങാതിമാർ . ഇവർ നൽകുന്ന സന്ദേശം എന്തെന്നാൽ ഒരിക്കലും മുറിഞ്ഞു പോകാത്ത ചങ്ങാത്തത്തിൻ്റെ , ആത്മബന്ധത്തിൻ്റെ , ഒരിക്കലും കൈവിടില്ലെന്ന സൗഹൃദത്തിൻ്റെ നന്മയുടെ സന്ദേശമാണ് .
ഞാൻ സാക്ഷിയല്ലാത്ത ഞാൻ കണ്ടിട്ടില്ലാത്ത ഈ സംഭവം എന്തുകൊണ്ടു ഒരു ദൃശ്യാനുഭവമായി എൻ്റെ മനസിൽ പതിഞ്ഞു എന്നു ചോദിച്ചാൽ അതിനൊരു കാരണമുണ്ട് ….
തമിഴ്നാട്ടിലെ കൊടൈക്കനാലിൽ നടന്ന ഗുണാകേവ് സംഭവിത്തിനും ഏകദേശം 13 വർഷം മുൻപ് ജീവിതത്തിൽ ഇന്നും ഓർക്കാൻ ഭയപ്പെടുന്ന ഒരു സംഭവം എൻ്റെയും സുഹൃത്തുക്കളുടെയും ജീവിതത്തിൽ നടന്നിട്ടുണ്ട് . ഇപ്പോഴും ഓർക്കാൻ പോലും ഭയപ്പെടുന്ന ഒന്ന്.ഒരു ദിവസം രാവിലെ മാതൃഭൂമി പത്രത്തിൻ്റെ ഒരു കട്ടിങ്ങും പിടിച്ചു കൊണ്ടാണ് കൂട്ടുകാർ വീട്ടിലേക് വരുന്നത്.നമുക്കീ സ്ഥലത്ത് പോയാലോ ” ?
തൃശൂർ ജില്ലയിലെ ഒരു വെള്ളച്ചാട്ടമാണ് .
അന്നുണ്ടായിരുന്ന പേര് ‘വാളയാർകൂത്ത് ‘ എന്നാണ് . വിനോദ സഞ്ചാരികൾ ഒട്ടും തന്നെ അറിയാതെ പോയ അതിമനോഹരമായ ഒരു കാഴ്ച്ച എന്നായിരുന്നു ഈ സ്ഥലത്തെ കുറിച്ച് പത്രത്തിൽ വന്ന വിശേഷണം . ഒരുപക്ഷെ കേരളത്തിലെ പണ്ടുണ്ടായിരുന്ന ചില പ്രദേശങ്ങൾ ഇപ്പോൾ പൂർണ്ണമായും നിരോധിത മേഖലയായി മാറിയ കൂട്ടത്തിൽ ഈ സ്ഥലവും ഇപ്പോൾ നിരോധിത മേഖലയായിട്ടുണ്ടാവണം .
സുഹൃത്തുക്കളിലൊരാളുടെ ജേഷ്ട്ട സഹോദരൻ ഞങ്ങളുടെ യാത്രയ്ക്കായി അദ്ദേഹത്തിൻ്റെ കാറും ഡ്രൈവറെയും വിട്ടും തന്നു . കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിലായിരുന്നു . വെള്ള നിറത്തിലുള്ള മാരുതി വാനിലായിരുന്നു യാത്ര . യാത്രയ്ക്ക് വേണ്ടുന്ന ഭക്ഷണം വീട്ടിൽ നിന്നു തന്നെ തയ്യാർ ചെയ്തു കരുതിയിരുന്നു .
ഏകദിന വിനോദയാത്രയ്ക്കാണ് പോയതെങ്കിലും , തൊട്ടടുത്ത ജില്ലയിലേക്കാണ് യാത്രയെങ്കിലും ,
എൻ്റെ ഓർമ്മ ശരിയെങ്കിൽ സുഹൃത്തുക്കളുമൊത്തുള്ള ആദ്യ വിനോദ യാത്രയായതിനാൽ വളരേയധികം ത്രില്ലിലായിരുന്നു ഞാൻ .1992- 93 കാലത്താണ് ഈ സംഭവം അതിരംപള്ളി – വാഴച്ചാൽ റൂട്ടിലേക്കാണ് യാത്ര . വാഹനം അവിടെയുണ്ടായിരുന്ന കുറച്ചു കുടിലുകളുടെ സമീപത്തേക്ക് ഒതുക്കിയിട്ടു . ഡ്രൈവർ ഞങ്ങൾക്കൊപ്പം കൂടാതെ കാറിനടുത്ത് തന്നെ ഇരുന്നു കൊള്ളാമെന്നു പറഞ്ഞു.
അവിടെയുണ്ടായിരുന്ന പരിസരവാസികളായ ചിലരോടു റൂട്ട് ചോദിച്ചു മനസിലാക്കി . ഒരു വലിയ കയറ്റത്തിലേക്ക് ഞങ്ങൾ നടന്നു കയറി ഒരു ചെറുപ്പക്കാരൻ കുറച്ചു വരെ ഞങ്ങളോടൊപ്പം വന്നു . ആ ചെറുപ്പക്കാരൻ മൂന്നു വഴികൾ ഞങ്ങൾക്ക് പറഞ്ഞു തന്നു .ഈ കയറ്റം കഴിഞ്ഞു വലത്തോട്ടു തിരിഞ്ഞു ഇറക്കത്തിലേക്ക് പോകുന്നത് നേരെ ടൗണിലേക്കാണ് .
രണ്ടു : നേരെ തന്നെയാണ് പോവുകയെങ്കിൽ ഉൾക്കാട്ടിലേക്കാണ് എത്തുക , ഒരു കാരണവശാലും അങ്ങോട്ടു പോകരുത് .
മൂന്നു : ഇടത്തോട്ടു തിരിഞ്ഞു പോവുക.ഞങ്ങൾക്കൊപ്പം കൂടുന്നോ എന്നു ചോദിച്ചപ്പോൾ ആ ചെറുപ്പക്കാരൻ ഒപ്പം കൂടാൻ വിസ്സമ്മതിച്ചു . അങ്ങിങ്ങ് വലിയ മരങ്ങൾ വീണു കിടപ്പുണ്ട് . വെറുതെ ഒരു ധൈര്യത്തിന് വീണു കിടന്ന മരങ്ങളിൽ നിന്നു ഒടിച്ചെടുത്ത കമ്പുകൾ ഞങ്ങൾ കൈയ്യിൽ കരുതി . കൈയ്യിൽ കരുതിയ കമ്പുകൾ കൊണ്ടു കാട് തെളിച്ചു ഞങ്ങൾ നടന്നു . പകലിലും ഇരുട്ടുമൂടിയ കാനന പാതയിലൂടെ ഞങ്ങൾ മുന്നോട്ടു നീങ്ങി . തികഞ്ഞ നിശബ്ദത മാത്രം . ഭയം വല്ലാതെ ഞങ്ങളെ പിടികൂടിയിരുന്നു . പക്ഷെ പ്രതീക്ഷയായി വെള്ളച്ചാട്ടത്തിൻ്റെ നേർത്ത ശബ്ദം ഞങ്ങൾ കേട്ടു തുടങ്ങി.ഒടുവിൽ അവിടെ എത്തിപ്പെട്ടു പക്ഷെ ഒരു മനുഷ്യ കുഞ്ഞിനെ പോലും ഞങ്ങൾക്ക് അവിടെ കാണാൻ സാധിച്ചില്ല.”സ്വർഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നീർത്തി നിന്നതോ
ഈശ്വരന്റെ സൃഷ്ടിയിൽ
അഴകെഴുന്നതത്രയും
ഇവിടെയൊന്നു ചേർന്നലിഞ്ഞതോ….”
മനോഹരം ഈ ഭൂമി , അതിമനോഹരം ഈ കാഴ്ച്ച . പ്രകൃതി തന്നെ ഒരുക്കിയ ഒരു സ്വിമിങ് പൂൾ അവിടെ ഉണ്ടായിരിന്നു.രണ്ടു ഭാഗത്തു നിന്നും താഴേക്ക് പതിക്കുന്ന വെള്ള ചാട്ടം. സ്വിമ്മിങ്ങ് പൂളിൽ കുറച്ചങ്ങനെ കിടന്നു ആസ്വദിച്ചു . അതങ്ങനെ കുറച്ചു സമയം ചിലവഴിച്ച ശേഷം തൊട്ടരികെയുള്ള ഒരു പാറമലയിലേക്ക് കയറാൻ തുടങ്ങി. അവിടെ ഉള്ള മൃഗങ്ങളെ കാണാനും മലയിൽ കയറി ചുറ്റും വീക്ഷിക്കാനും വേണ്ടി ഉള്ള പൂതി. മുതിർന്നവരാരും ഒപ്പമുണ്ടായിരുന്നില്ലല്ലോ.അത് കൊണ്ട് തന്നെ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു .
വളച്ചാട്ടത്തിൻ്റെ ശക്തിയിൽ ചാറ്റൽ മഴ പെയ്ത് പരിസരമെല്ലാം തന്നെ നനഞ്ഞു കിടന്നിരുന്നു . നനഞ്ഞു കിടക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു നല്ല വഴുക്കൽ ഉണ്ടായിരുന്നു.എങ്കിലും സവാക്ഷം ഞങ്ങൾ ആ മലയിലേക്ക് കയറി ചെന്നു. ഞങ്ങൾ മുകളിൽ നിന്നു കൈകളുയർത്തി കൂക്കിവിളിച്ചു . ഞങ്ങളുടെ കൂക്കുവിളി വെള്ളച്ചാട്ടത്തിൻ്റെ കനത്ത ശബ്ദത്തിൽ അലിഞ്ഞു ചേർന്നില്ലാതായി .ഒരു നിമിഷം …… സപ്തനാഡികളും തളർന്നു പോകുന്ന കാഴ്ച്ച , ഞങ്ങളുടെ കൂട്ടത്തിലൊരാൾ മൂന്നു നില കെട്ടിടത്തിൻ്റെ അത്ര തന്നെ ഉയരമുള്ള പാറമലയിൽ നിന്നു കാൽ വഴുതി താഴേക്ക് വീഴുന്നു …… തൊട്ടടുത്ത് വളർന്നു പന്തലിച്ചു നിന്നിരുന്ന ഒരു വലിയ മരത്തിൻ്റെ മുകളിലേക്ക് , മരത്തിൻ്റെ ചില്ലകളിൽ തട്ടി തട്ടി താഴേക്ക് ….. വന്നു വീണത് ആദ്യം ഞങ്ങൾ നിന്നിരുന്ന പാറപ്പുറത്തേക്ക് ….. രണ്ടു പ്രാവശ്യം ഉരുണ്ടെങ്കിലും അവിടെ നിന്നു . ഒന്നു കൂടി ഉരുണ്ടിരുന്നെങ്കിൽ മറ്റൊരു വെള്ളച്ചാട്ടത്തിലേക്കാവും..
ഒച്ചയെടുക്കാൻ ഞങ്ങൾക്കാവുന്നില്ല , വാക്കുകൾ തൊണ്ടയിൽ കുരുങ്ങി , തലകറങ്ങുന്നത് പോലെ , ഞങ്ങൾ പാറയിലിരുന്നു പോയി . പരിസരത്ത് സഹായത്തിനായി മറ്റു മനുഷ്യരാരുമില്ല . പാറമലയിൽ നിന്നു ഞങ്ങൾ വളരെ വേഗം താഴെയെത്തി . വീണു കിടന്നവൻ എഴുന്നേറ്റു വെള്ളമെടുത്തു മുഖം കഴുകി . പാറയിലാണ് വീണതെന്നതിനാൽ തല പൊട്ടി ചോര ഒഴുകുന്നുണ്ട്. കൈയ്യിലുണ്ടായിരുന്ന തോർത്തു മുണ്ടു കൊണ്ടു തലയിൽ വരിഞ്ഞു കെട്ടി . പിന്നെ ഒന്നും നോക്കിയില്ല.അവനെയും എടുത്ത് കാറിലേക് ഒരു ഓട്ടം ആയിരുന്നു.കാനന പാതയിലൂടെ വളരേ വേഗത്തിലെത്തി ഇറക്കമിറങ്ങുമ്പോൾ സ്ത്രീകളടക്കം ചില പരിസരവാസികൾ ഞങ്ങളെ തേടി വെള്ളച്ചാട്ടത്തിനടുത്തേക്ക് വരികയായിരുന്നു. നിങ്ങളെ കാണാത്തതു കൊണ്ട് ഞങ്ങൾ അങ്ങോട്ട് വരികയായിരുന്നു .ഇരുട്ടി തുടങ്ങിയാൽ ഇവിടെ കാട്ട് മൃഗങ്ങൾ ഇറങ്ങും.ഞങ്ങളുടെ കുട്ടത്തിൽ ഒരാളുടെ തലയിലെ കെട്ടും , കെട്ടിയ തോർത്തുമുണ്ടും ഭേദിച്ചു പുറത്തേക്കൊഴുകുന്ന ചോരയും കണ്ടപ്പോൾ അവർ ഒന്നുകൂടി ഭയപ്പെട്ടു . ഇതെന്തു പറ്റിയതാണ് എന്നവർ ചോദിച്ചു . കാര്യം നിസാരമാക്കാൻ ഞങ്ങൾ വരുന്ന വഴിയിൽ തട്ടി വീണതായിരുന്നു എന്നാണ് അവരോടു പറഞ്ഞത് .
കാർ അതിവേഗത്തിൽ പാഞ്ഞു , കാറിന് മുന്നിൽ ചാടിയ ആരുടേയൊ വളർത്താടിനെ ഇടിച്ചു തെറിപ്പിച്ചു . വണ്ടി നിർത്തിയില്ല പിറകിൽ ആളുകൾ ഉച്ചത്തിൽ എന്തൊക്കെയൊ പറയുന്നുണ്ട്. ചീറി പായുന്ന വെള്ള മാരുതി വാൻ ഒരു ആമ്പുലൻസ് പോലെ തോന്നിച്ചു . ചോദിച്ചറിഞ്ഞു കണ്ടുപിടിച്ചു ഒരു ആശുപത്രിക്ക് മുൻപിൽ വണ്ടി സഡൺ ബ്രേക്കിട്ടു . അത് ഒരു പ്രൈമറി ഹെൽത്ത് സെൻ്ററായിരുന്നൊ , അല്ല അതൊരു പ്രൈവറ്റ് ഹോസ്പിറ്റലായിരുന്നോ എന്നു ഇന്നു ഓർമ്മയില്ല.
ഡോക്ടർ എന്താണ് സംഭവിച്ചതെന്നു ഞങ്ങളോടു ചോദിച്ചു . പാറയിൽ തട്ടി വീണപ്പോൾ സംഭവിച്ചതാണ് എന്നു മാത്രം പറഞ്ഞു . പക്ഷെ എവിടെന്നാണ് സംഭവിച്ചതെന്ന് പറഞ്ഞപ്പോൾ ഡോക്ടറും , നേഴ്സുമാരും , അപ്പോൾ അവിടെയുണ്ടായിരുന്ന ആളുകളും ഞങ്ങളെ കുറെ വഴക്കു പറഞ്ഞു .തലയിൽ ആറൊ ഏഴോ സ്റ്റിച്ചിട്ടു .
രാത്രി ഏറെ വൈകിയാണ് കൊച്ചിയിലെത്തി വീടണഞ്ഞത് . ആരോടും ഒന്നും പറയരുതെന്ന് ഡ്രൈവറോടു ചട്ടം കെട്ടി . ഒന്നും മിണ്ടാതെ കാറ് ഡ്രൈവർ എത്തിച്ചു കൊടുത്തു . പക്ഷെ അവൻ്റെ തലയിൽ ആ വലിയ കെട്ട് നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തത് പോലായി . നാല് ദിക്കുകളിൽ നിന്നും വീട്ടുകാരുടെ ചോദ്യങ്ങളുണ്ടായി . തിരിച്ചും മറിച്ചും ചോദിച്ചു . ഉത്തരം ഒന്നു മാത്രം..” വരുന്ന വഴിയെ കാൽ വഴുതി വീണു ”
ഇന്നും എങ്ങനെയാണ് വീണതെന്ന് വീട്ടുകാർക്കറിയില്ല , ഇപ്പോ അങ്ങനൊരു സംഭവം നടന്നതായി പോലും വീട്ടുകാർക്ക് ഓർമ്മയുണ്ടാവില്ല . ഇന്നിപ്പോൾ എല്ലാവരുടെയും കല്യാണമൊക്കെ കഴിഞ്ഞു അവർക്ക് മക്കളുമായി .ഇപ്പോ ഇതു വായിച്ചു അന്നു വീണത് തൻ്റെ കെട്ട്യോനാണ് എന്നറിഞ്ഞു അവൻ്റെ ഭാര്യയും ഒപ്പം മക്കളും ചോദിക്കാൻ വരുമോന്നറിയില്ല .
പടച്ചവൻ അനുഗ്രഹിച്ചു ഇന്ന് എല്ലാവരും സുഖമായിരിക്കുന്നു….
” പൊൻമണി ഉൻ വീട്ടിൽ സൗഖ്യമാ , ഞാൻ ഇങ്കു സൗഖ്യമേ …..”