അബുദാബി: മരുഭൂമിയിലെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് എമിറേറ്റിൽ ബുധനാഴ്ചമുതൽ ഒക്ടോബർ 15 വരെ മേച്ചിൽക്കാലമായിരിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) അധികൃതർ അറിയിച്ചു. മേച്ചിൽ നിയന്ത്രിക്കുകയും പ്രകൃതിദത്ത മേച്ചിൽപ്രദേശങ്ങൾ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും ഇ.എ.ഡി. ഡയറക്ടർബോർഡ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽനഹ്യാന്റെ നിർദേശപ്രകാരമാണ് തീരുമാനം.
മേച്ചിൽപ്രദേശങ്ങൾ സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് സുസ്ഥിര പരമ്പരാഗതരീതികൾ പ്രോത്സാഹിപ്പിക്കാനാണ് ഏജൻസി ശ്രമിക്കുന്നത്. 21-ന് മുകളിൽ പ്രായമുള്ള യു.എ.ഇ. പൗരന്മാർക്ക് മാത്രമാണ് മേച്ചിലിന് അനുമതി ലഭിക്കുക. അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (അഡാഫ്‌സ) ലൈവ്‌സ്റ്റോക്ക് ഇൻവെന്ററി സാക്ഷ്യപത്രമുള്ളവർക്ക് വെബ്സൈറ്റിലൂടെ (www.ead.gov.ae.) അനുമതിക്കായി അപേക്ഷിക്കാം. എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്, കന്നുകാലികളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ എന്നിവസഹിതമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഒരുവർഷമാണ് ലൈസൻസിന്റെ കാലാവധി.