ദോഹ: ഈജിപ്തിൽ കൂടുതൽ വാകത പര്യവേക്ഷണത്തിന് തയ്യാറെടുത്ത് ഖത്തർ എനർജി. എക്സോൺ മൊബൈലുമായി ചേർന്നാണ് രണ്ട് ബ്ലോക്കുകളിൽ ഖത്തർ എനർജി പര്യവേക്ഷണത്തിന് കരാർ ഒപ്പുവെച്ചത്. ഈജിപ്ത് തീരത്തെ കയ്റോ, മസ്റി ബ്ലോക്കുകളിലാണ് ഖത്തർ എനർജി വാതക പര്യവേക്ഷണത്തിന് തയ്യാറെടുക്കുന്നത്.
പദ്ധതിയിൽ എക്സോൺ മൊബൈലിന് 60 ശതമാനവും ഖത്തർ എനർജിക്ക് 40 ശതമാനവും പങ്കാളിത്തമാണ് ഉണ്ടാവുക.ഈജിപ്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് പെട്രോളിയം, പ്രകൃതി വാതക പദ്ധതികളിൽ നേരത്തെ തന്നെ ഖത്തർ എനർജി പങ്കാളികളാണ്. ആഫ്രിക്കയിൽ വിവിധ രാജ്യങ്ങളുമായി ചേർന്ന് ഖത്തർ പര്യവേക്ഷണം നടത്തുന്നുണ്ട്.
ദക്ഷിണാഫ്രിക്ക, നമീബിയ രാജ്യങ്ങളുമായി സമീപകാലത്ത് ഖത്തർ എനർജി കരാറിൽ ഒപ്പുവെച്ചിരുന്നു. ഈജിപ്തിലെ പര്യവേക്ഷണ പദ്ധതികളുടെ ഭാഗവാക്കാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സഅദ് ഷെരീദ അൽ കഅബി പറഞ്ഞു.