അബുദാബി : അന്തരീക്ഷ ഗുണനിലവാരം ഉയർത്താനും ശബ്ദമലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ട് അബുദാബി പരിസ്ഥിതി മന്ത്രാലയം കർമപദ്ധതികൾ നടപ്പാക്കുന്നു. വ്യവസായങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതം കുറക്കുകയും ചെയ്യും. പരിസ്ഥിതി ലൈസൻസ് ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾ വായുമലിനീകരണം കുറക്കാൻ മാർഗനിർദേശങ്ങൾ സ്വീകരിക്കണമെന്ന്
അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബുദാബി പരിസ്ഥിതി ഏജൻസി ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് പറഞ്ഞു. എമിറേറ്റിൽ ശക്തമായ പരിസ്ഥിതി നിരീക്ഷണ പ്രവർത്തനങ്ങൾ ഏർപ്പെടുത്തും. ഇതുവഴി അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച് പഠനം നടത്തും. കൂടാതെ വികസന പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമായി പുറത്തുവിടുന്ന കാർബണിന്റെ അളവ് നിയന്ത്രിക്കാനും പദ്ധതി തയ്യാറാക്കും.
ഇതോടൊപ്പം പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് ശബ്ദ മലിനീകരണം നിയന്ത്രിക്കാനും നടപടികളും സ്വീകരിക്കും. ശബ്ദ, വായുമലിനീകരണം അധികമുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ അധികൃതർ ഇതിനകം തുടങ്ങിയിട്ടുണ്ട്. ഇതിനായി അബുദാബി പരിസ്ഥിതി ഏജൻസി അത്യാധുനിക ശബ്ദ, വായു ഗുണനിലവാര സംവിധാനം വികസിപ്പിച്ചിട്ടുണ്ട്.