മഴ കാത്തു നിൽക്കുന്ന വേഴാമ്പലിനെ കുറിച്ച് കേട്ടിട്ടില്ലേ ? അത് പോലെ മഴ കാത്തു നിൽക്കുന്ന കുറച്ചു പേരുണ്ട് അങ്ങ് യു എയിൽ കുറച്ച് മനുഷ്യർ. കഴിഞ്ഞ ദിവസങ്ങളിൽ യു എ ഇ യിൽ ഉണ്ടായ കൊടും മഴയും അതു കൊണ്ടുണ്ടായ ദുരിതങ്ങളും നമ്മളെല്ലാവരും അറിഞ്ഞതാണല്ലോ. പക്ഷെ ഈ ദുരിതങ്ങൾക്കിടയിലും മഴയെ സ്തുതിക്കുന്ന ചിലർ അവിടെയുണ്ട്. മറ്റാരുമല്ല, അവിടെയുള്ള ബയോളജിസ്റ്റുകൾ. കാരണം വേറൊന്നുമല്ല, മരുഭൂമികളുടെ പല ഭാഗങ്ങളും ഇപ്പോൾ പച്ചപ്പ് പുതച്ചിരിക്കുന്നു. ഒരു കാലത്ത് തരിശായിരുന്ന യു എ ഇയിലെ മരുഭൂമികളും ഭൂപ്രകൃതികളും ഈ തകർപ്പൻ മഴയെത്തുടർന്ന് ഒരുഗ്രൻ ബയോളജിക്കൽ പറുദീസയായി മാറുന്ന കാഴ്ചയാണ് അവർക്ക് കാണാൻ കഴിഞ്ഞത്.
മാത്രമല്ല, പല വന്യജീവികൾ സ്ഥലത്തെത്തിയതായി ഓഫ് റോഡർമാർ പല സ്ഥലത്തു നിന്നും അറിയിക്കുന്നു. അറേബ്യൻ ഓറിക്‌സ് എന്ന കൃഷ്ണമൃഗങ്ങൾ മുതൽ ചെറുമാനുകൾ, ഒട്ടകങ്ങൾ, കഴുതകൾ വരെ പുൽമേടുകൾക്കിടയിലൂടെ കടന്നുപോകുന്നു. പുതുതായി കണ്ടെത്തിയ പല സ്ഥലങ്ങളിലും പല തരം പുതിയ പ്രാണിവർഗ്ഗങ്ങളും കാണപ്പെടുന്നു. ഈ കാരണങ്ങളാൽ ബയോളജിസ്റ്റുകൾ മാത്രമല്ല ഓഫ്-റോഡ് പ്രേമികളും ഇക്കാര്യത്തിൽ വലിയ സന്തോഷത്തിലാണ്. “മരുഭൂമികൾ ജീവിതത്തിലേക്ക് ഇതുപോലെ തിരികെയെത്തുന്നതിന് സാക്ഷ്യം വഹിക്കുന്നത് ശരിക്കും ശ്രദ്ധേയമാണ്, മാത്രമല്ല ഇത് ഞങ്ങളുടെ ബിസിനസിനും പുതുജീവൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.” ഡിസേർട്ട് സഫാരി ഒരുക്കുന്ന മാർക്കറ്റിംഗ് എക്സിക്യൂറ്റീവ് ആയ ഗൗരവ് ഖന്നയുടെ വാക്കുകൾ.
എന്തായാലും പോളാർ ഷിഫ്റ്റിംഗ് തുടങ്ങി ജൈവപരമായ പല മാറ്റങ്ങൾക്കും വൻ മാറ്റം സംഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ഇപ്പോൾ നടക്കുന്ന നമ്മൾ നിസ്സാരമെന്നു കരുതുന്ന ഓരോ കാര്യങ്ങളും ഭാവിയിൽ ജൈവശാസ്ത്രപരമായി വളരെ ചരിത്രപ്രധാന്യം ഉള്ളവയായിരിക്കാം.