Features

ഗര്‍ഭക്കാലത്ത് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ഘട്ടമാണ് ഗർഭകാലം. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിനായി ഈ സമയത്ത് ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഇരുമ്പ്, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ സമീകൃതവും പോഷകപ്രദവുമായ ഭക്ഷണക്രമം പ്രധാനമാണ്. അത്തരത്തില്‍ ഗര്‍ഭിണികള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റിന്‍റെ നല്ലൊരു ഉറവിടമാണ് ചീര പോലെയുള്ള ഇലക്കറികള്‍. കൂടാതെ അയേണ്‍, കാത്സ്യം തുടങ്ങിയവയും അടങ്ങിയ ചീര അതിനാല്‍ ഗര്‍ഭിണികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

സാല്‍മണ്‍ ഫിഷാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, ഫോളേറ്റ്, വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ഡി തുടങ്ങിയവ സാല്‍മണ്‍ ഫിഷില്‍ അടങ്ങിയിരിക്കുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും സാല്‍മണ്‍ ഫിഷ് മികച്ചതാണ്. അതിനാല്‍ ഗര്‍ഭിണികള്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയ അവക്കാഡോയും ഗര്‍ഭിണികള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്.

തൈരാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് ഇത്. ഇതിന്‍റെ പ്രോബയോട്ടിക് ഉള്ളടക്കം, ദഹനത്തെ മെച്ചപ്പെടുത്തും. കൂടാതെ ഇവ കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കും ഏറെ ഗുണം ചെയ്യും.

ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍, ഫൈബര്‍, വിറ്റാമിന്‍ സി തുടങ്ങിയവ അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി എന്നിവ കഴിക്കുന്നതും ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. ഹൃദയാരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ബെറി പഴങ്ങള്‍ ഗുണം ചെയ്യും.