തലസ്ഥാന നഗരം കേന്ദ്രീകരിച്ചുള്ള വികസനങ്ങളെ മുടക്കാന്‍ വലിയൊരു ലോബി തന്നെ അക്ഷീണം പ്രവര്‍ത്തിക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണ് മെട്രോ റെയില്‍ പദ്ധതിക്കെതിരായുള്ള പുതിയ തുരങ്കം വെയ്പ്പ്. തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്ക് പത്തു വര്‍ഷത്തിനു മുകളില്‍ പഠനം നടത്തി പുതിയ ഡി.പി.ആര്‍ സമര്‍പ്പിക്കാന്‍ ഇരിക്കവേയാണ് പുതിയ പാരകളുമായി വികസന വിരുദ്ധ ലോബി കളത്തില്‍ ഇറങ്ങിയിരിക്കുന്നത്.
മെട്രോ റെയില്‍ പദ്ധതിക്കു പകരം ലൈറ്റ് ട്രാം കൊണ്ടു വരാനുള്ള നീക്കം അണിയറയില്‍ സജ്ജീവമായിരിക്കെ വിഴിഞ്ഞം കേന്ദ്രീകരിച്ച് തലസ്ഥാനത്ത് വരുന്ന വികസന പദ്ധതികളെ തളര്‍ത്താനാണ് പുതിയ ശ്രമം. കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ലൈറ്റ് ട്രാം പദ്ധതി വിഭാവനം ചെയ്യുന്നത് തന്നെ തിരുവനന്തപുരം മെട്രോയുടെ നിര്‍വഹണ ചുമതലയുള്ള കെ.എം.ആര്‍.എല്‍ ആണ്. പുതിയ പദ്ധതിയുടെ സാധ്യതാ പഠനത്തിനു തന്നെ വര്‍ഷങ്ങള്‍ എടുക്കുമെന്നിരിക്കെ എങ്ങനയെങ്കിലും മെട്രോ റെയില്‍ നിര്‍മ്മാണം മുടക്കുകയാണ് ലക്ഷ്യം.
സംസ്ഥാന സര്‍ക്കാര്‍ അതീവ താത്പര്യത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയില്‍ പദ്ധതികള്‍ക്ക് സാമ്പത്തിക സ്ഥിതിയുടെ പേരില്‍ ഉപേക്ഷിക്കാനുള്ള നീക്കമാണിതെന്ന അഭിപ്രായം ഉയരുന്നു. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 239 കോടി രൂപയാണ് കോഴിക്കോട്, തിരുവനന്തപുരം മെട്രോ പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്.
മെട്രോയില്‍ കയറാന്‍ ആളുണ്ടാകില്ലേ ?
മെട്രോ റെയില്‍ വികസന മുടക്കികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ ശ്രമിക്കുന്നത് തിരുവനന്തപുരത്തോ കോഴിക്കോടോ മെട്രോ തുടങ്ങിയാല്‍ അതില്‍ കയറാന്‍ യാത്രക്കാര്‍ ഉണ്ടാകില്ലെന്ന വരട്ടു ന്യായമാണ്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷ(ഡി.എം.ആര്‍സി) നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്ലിനു) വേണ്ടി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോ റെയിലിന്റെ സാധ്യതാപഠനം നടത്തിയത്.
ഫീസിബലിറ്റി സ്റ്റഡി പ്രകാരം നിലവില്‍ പി.പി.എച്ച്.പി.ഡി (പാസഞ്ചര്‍ പെര്‍ ഹൗര്‍ പീക്ക് പെര്‍ ഡയറക്ഷന്‍) തലസ്ഥാന നഗരത്തിന് ഉണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. പീക്ക് ഹൗറില്‍ പതിനായരിത്തനു മുകളില്‍ യാത്രക്കാരാണ് ഒരു ദിശയിലേക്ക് പോകുന്നതെന്ന് കെ.എം.ആര്‍.എല്ലിനുവേണ്ടി ഡി.എം.ആര്‍.സി നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ ജനംസംഖ്യ പത്തു ലക്ഷത്തിനു മുകളില്‍ ഉണ്ടെന്നിരിക്കെ ഈ നഗരം മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനത്തിന് അനുയോജ്യമല്ലെന്ന് വിലയിരുത്തുന്നവര്‍ ലക്ഷ്യവെയ്ക്കുന്നത് അതു മുടക്കാന്‍ തന്നെയാണ്. കോംപ്രഹെന്‍സീവ് മൊബിലിറ്റി പ്ലാനിന്റെ (സി.എം.പി) പഠനമനുസരിച്ച് 2051 നുള്ളില്‍ പീക്ക് അവര്‍ സമയത്തെ ട്രാഫിക് 19,747 മുതല്‍ 21000 വരെയാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഈ വര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത ആഗ്രാ മെട്രോയെക്കാള്‍, ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിര്‍മ്മാണോദ്ഘാടനം ആരംഭിച്ച മെട്രോയെില്‍ സഞ്ചരിക്കുന്നതിനെക്കാള്‍ നാലിരിട്ടി ആളുകള്‍ തിരുവനന്തപുരത്തെ മെട്രോയില്‍ ഉണ്ടാകുമെന്ന് വ്യക്തമാണ്. ഇത് കൂടാതെ കാന്‍പൂര്‍, മീററ്റ് തുടങ്ങിയ ചെറുനഗരങ്ങളില്‍ മെട്രോ ആരംഭിക്കാന്‍ പോകുമ്പോഴാണ് ടയര്‍ 2 നഗരമായ തിരുവനന്തപുരത്തെ മെട്രോയെ അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്. ആഗ്രയിലും, കാന്‍പൂരിലും, ഭുവനേശ്വറിലും പി.പി.എച്ച്.പി.ഡി നിരക്ക് തിരുവനന്തപുരത്തെക്കാള്‍ ഏറെ താഴെയാണ്. ട്രാഫിക് സര്‍വേ, ജിയോ-ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍, ടോപ്പോ ഗ്രാഫിക് സര്‍വേ, പാരിസ്ഥിതിക, സാമൂഹിക ആഘാത വിലയിരുത്തല്‍ എന്നിവയ്ക്ക് ശേഷമാണ് ഡി.എം.ആര്‍.സി തിരുവനന്തപുരം മെട്രോ റെയിലിന്റെ ഡി.പി.ആര്‍ തയ്യാറാക്കിയത്.
വിഴിഞ്ഞം വഴി വികസനം
രാജ്യത്തെ ഏക മദര്‍പോര്‍ട്ട് എന്ന ഖ്യാതിയോടെ പ്രവര്‍ത്തമാരംഭിക്കുന്ന വിഴിഞ്ഞം തുറമുഖം, ടെക്‌നോപാര്‍ക്ക് നാലാം ഘട്ടമായ ടെക്‌നോസിറ്റി കേന്ദ്രീകരിച്ചുള്ള വന്‍ പദ്ധതികള്‍ ഇവയെല്ലാം കൂടി വരുന്നതോടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ തലസ്ഥാന നഗരത്തിലേക്ക് കുടയേറാന്‍ പോകുന്നവരുടെ എണ്ണം നാലു മടങ്ങ് വര്‍ദ്ധിക്കും. തിരുവനന്തപുരം കേന്ദ്രീകരിച്ച് രണ്ടു വലിയ സോണുകളുടെ വികസനമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്.
തിരുവനന്തപുരത്തിന്റെ തെക്ക് ഭാഗത്തായി വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനങ്ങളുടെ ഭാഗമായി വലിയൊരു നഗരം ഉയരുമ്പോള്‍ ഇങ്ങ് വടക്ക് മംഗലാപുരം, പള്ളിപ്പുറം കേന്ദ്രീകരിച്ച് ടെക്‌നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിയില്‍ ഐടി, ഐടിയിതര വികസന ഹബ് ഉയരും. ഭാവിയില്‍ ആറ്റിങ്ങല്‍ വരെ നീളുന്ന ഒരു വികസനക്കുതിപ്പായിരിക്കും ഉണ്ടാവുക.
അത്തരത്തില്‍ നഗരം വളരുമ്പോള്‍ പൊതുഗതാഗത സംവിധാനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. മെട്രോ റെയില്‍ കണക്ടിവിറ്റി നഗരം വളരുമ്പോള്‍ അത്യാവശ്യമായി മാറും. വിഴിഞ്ഞത്ത് 28500 കോടിരൂപയുടെ ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മ്മാണ യൂണിറ്റിന് അനുമതി ആവശ്യപ്പെട്ട് ഒരു കമ്പനി രംഗത്തു വന്നിട്ടുണ്ട്. ഇതു കൂടാതെ ലോജസ്റ്റിക് ഹബ്ബുകള്‍ നിര്‍മ്മിക്കുന്നതിന് നിരവധി അന്വേഷണങ്ങള്‍ വന്നു കഴിഞ്ഞു. പൊതുമേഖലയിലും, സ്വകാര്യ മേഖലയിലും നിരവധി സംരംഭങ്ങള്‍ വിഴിഞ്ഞം കേന്ദ്രീകരിച്ച് വരുമെന്ന് സര്‍ക്കാര്‍ കണക്ക്ക്കൂട്ടുന്നു. ഗുജറാത്തില്‍ അദാനിയുടെ നേതൃത്വത്തില്‍ തുടങ്ങി മുന്ദ്ര തുറമുഖവുമായി ബന്ധപ്പെട്ട് നാലു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അവിടെ ഉണ്ടായതു പോലെ കേരളത്തിലും മൂന്ന ലക്ഷം കോടിയുടെ വികസനം ഉണ്ടാകുമെന്ന് കണക്കാക്കുന്നു.
മെട്രോ റൂട്ട്
എന്‍എച്ച് 66 വഴി നിര്‍ദ്ദേശിച്ചിരിക്കുന്ന അലൈന്‍മെന്റ് ഉള്‍പ്പെടെ ആകെ 41 കിലോമീറ്റര്‍ വരുന്ന ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുള്ള പ്രാഥമിക നടപടിയാണ് ഫീല്‍ഡ് സര്‍വേ. ടെക്നോസിറ്റി മുതല്‍ നേമം വഴി പള്ളിച്ചല്‍ വരെയും (27.4 കിലോമീറ്റര്‍) കഴക്കൂട്ടം മുതല്‍ ഈഞ്ചക്കല്‍ (14.7 കിലോമീറ്റര്‍) വഴി കിള്ളിപ്പാലം.
ഈ രണ്ട് ഇടനാഴികളിലുമായി ആകെ 37 സ്റ്റേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്, പള്ളിപ്പുറത്ത് ഒരു മെയിന്റനന്‍സ് ഡിപ്പോയും യാര്‍ഡും ഉണ്ട്. പള്ളിച്ചല്‍ മുതല്‍ നെയ്യാറ്റിന്‍കര (11.1 കിലോമീറ്റര്‍), ടെക്നോസിറ്റി മുതല്‍ മംഗലപുരം വരെ (3.7 കിലോമീറ്റര്‍), ഈഞ്ചക്കല്‍ മുതല്‍ വിഴിഞ്ഞം വരെ (14.7 കിലോമീറ്റര്‍) എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ വികസിപ്പിക്കുന്ന റൂട്ട്.