പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് പൃഥിരാജും സുപ്രിയ മേനോനും. മാധ്യമ പ്രവർത്തകയായിരുന്നു സുപ്രിയ വിവാഹ ശേഷമാണ് കരിയർ വിട്ടത്. പിന്നീട് പൃഥിക്കൊപ്പം സിനിമാ രംഗത്തേക്ക് ശ്രദ്ധ തിരിച്ചു. പൃഥിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സുപ്രിയയിപ്പോൾ. പൃഥിയുടെ തിരക്കുകൾ കാരണം ഒരുമിച്ചുള്ള സമയം പലപ്പോഴും ലഭിക്കാറില്ലെന്ന് സുപ്രിയ പറയുന്നു. പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിംഗ് ആണ്. ഒരുമിച്ച് ഒരിടത്ത് താമസിക്കാൻ പറ്റില്ല. ഇതാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്. ഇപ്പോൾ മകളും അച്ഛൻ കുറച്ച് കൂടി സമയം വീട്ടിലുണ്ടാകണമെന്ന് പറയുന്നുണ്ട്. പക്ഷെ സിനിമയാണ് ഇദ്ദേഹം ശ്വസിക്കുന്നതും കഴിക്കുന്നതെന്നും എനിക്കറിയാം. ഞങ്ങൾ പൃഥിയെ കാണാൻ ഒരുപാട് യാത്ര ചെയ്യാറുണ്ട്. അത് വെക്കേഷനല്ല. എമ്പുരാന്റെ സമയത്ത് ഞങ്ങൾ യുകെയിൽ പോയി.
മകൾക്ക് പൃഥിയെ അധികം കാണാനായില്ല. രാത്രി ഷൂട്ട് കഴിഞ്ഞ് തിരിച്ച് വരുമ്പോഴേക്കും അവൾ ഉറങ്ങിക്കാണും. രാവിലെ മകൾ ഉണരുന്നതിന് മുമ്പ് പൃഥി വർക്കിന് പോവുകയും ചെയ്യും. സംവിധായകനായതിനാൽ വളരെ നേരത്തെ പോകണമെന്ന് പറയും. പൃഥിക്ക് പ്രായമാകുമ്പോൾ വർക്ക് ലൈഫ് ബാലൻസ് ഉണ്ടാകുമെന്ന് കരുതുന്നെന്നും സുപ്രിയ പറയുന്നു. ഇപ്പോഴത്തെ ബാലൻസ് വർക്ക് 90 ശതമാനവും ജീവിതം 10 ശതമാനവുമാണ്. 50-50 ആയില്ലെങ്കിലും 60-40 ആയാലും മതിയെന്നും സുപ്രിയ പറയുന്നു. കേരളത്തിൽ ജനിച്ച് വളർന്ന ആളല്ലാത്തതിനാൽ തനിക്ക് തോന്നിയ വ്യത്യാസങ്ങളെക്കുറിച്ചും സുപ്രിയ സംസാരിച്ചു. മുമ്പ് എനിക്ക് ഇവിടത്തെ തമാശകൾ മനസിലാകില്ലായിരുന്നു. പൃഥിയും സുഹൃത്തുക്കളും തമാശ പറയുമ്പോൾ എനിക്ക് ആ തമാശ മനസിലാകില്ല. ഇപ്പോൾ അറിയാം. ‘പവനായി ശവമായി’ എന്ന പ്രയോഗത്തിന്റെ കൾച്ചറൽ കോൺടക്സ്റ്റ് എനിക്കറിയില്ല. അതിന് പകരം ഹിന്ദിയിലെ പ്രയോഗമായിരിക്കും ഞാൻ പറയുക.
ഈ വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും സുപ്രിയ മേനോൻ വ്യക്തമാക്കി. നിർമാതാവെന്ന നിലയിൽ സംവിധായകരുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും സുപ്രിയ സംസാരിച്ചു. ഇവരെല്ലാം ക്രിയേറ്റീവ് ആയ ആളുകളാണ്. ഞാൻ ക്രിയേറ്റീവ് പശ്ചാത്തലത്തിൽ നിന്ന് വന്നയാളല്ല. പൃഥി പൂർണമായും ക്രിയേറ്റീവാണ്. അഭിപ്രായങ്ങൾ വരുമ്പോൾ സംവിധായകനൊപ്പമാണ് പൃഥി നിൽക്കുകയെന്ന് സുപ്രിയ പറയുന്നു. ഞാനും എക്ലിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് ഇത് വേണോ എന്ന് ചോദിച്ച് വഴക്കുണ്ടാക്കുക. എന്നാൽ സംവിധായകന് ഇതാണ് വേണ്ടതെങ്കിൽ അത് വേണമെന്ന് പൃഥി പറയും. അപ്പോൾ തനിക്കൊന്നും പറയാനില്ലെന്നും സുപ്രിയ വ്യക്തമാക്കി. അതേസമയം ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ ആവശ്യമാണെന്നും സുപ്രിയ പറഞ്ഞു. അഭിപ്രായങ്ങൾ പറയാനുള്ള സ്പേസ് വേണം. പക്ഷെ അതെപ്പോഴും സുഖകരമായിരിക്കില്ല. കാരണം ഈ വ്യക്തിക്കൊപ്പമാണ് ജീവിക്കുന്നത്. വീട്ടിൽ സിനിമ ചർച്ച ചെയ്യാറുണ്ട്. അത് ഒഴിവാക്കാൻ ശ്രമിച്ചാലും ചിലപ്പോൾ നടക്കില്ലെന്നും സുപ്രിയ വ്യക്തമാക്കി. പൃഥിരാജിന് സിനിമാ രംഗത്ത് തന്നേക്കാൾ വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. അതിനാൽ പൃഥി പറയുന്നത് കേൾക്കേണ്ടി വരാറുണ്ടെന്നും സുപ്രിയ വ്യക്തമാക്കി.