മരണമടയുന്നവരെ ഒന്നുകിൽ കല്ലറകളിൽ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുക എന്നത് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പൊതുവായി സ്വീകരിച്ചുവരുന്ന സംസ്കാര രീതിയാണ്. നാട് മാറുന്നത് അനുസരിച്ച് സംസ്കാരച്ചടങ്ങുകളിൽ വ്യത്യാസങ്ങൾ വരും. മരിക്കുന്നവരുടെ മൃതദേഹം കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ചെയ്യുന്ന പതിവ് ഇല്ലാത്ത മനുഷ്യരെ പറ്റി കേട്ടിട്ടുണ്ടോ. ഇൻഡോനേഷ്യയിലെ ബാലിയിലെ ട്രൂൺയാൻ ഗ്രാമത്തിൽ ജീവിക്കുന്നവരാണ് അവർ.കാടിനുള്ളിൽ വിശുദ്ധമായി തങ്ങൾ ആരാധിക്കുന്ന ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ സ്ഥാപിച്ച മുള കൊണ്ട് നിർമിച്ച ഒരു കൂടിനുള്ളിൽ മൃതദേഹങ്ങൾ സ്ഥാപിക്കുകയാണ് ട്രൂൺയാനീസ് വംശജരുടെ രീതി.
കൂടിനുള്ളിൽ കിടന്ന് മൃതദേഹം അഴുകുന്നു. ഒടുവിൽ അസ്ഥികൾ മാത്രം അവശേഷിക്കുന്നു.സുഗന്ധമുള്ള ഒരു തരം പേരാൽ വൃക്ഷത്തിന്റെ ചുവട്ടിൽ 11 മുളക്കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കൂടുകളിലാണ് മൃതദേഹങ്ങൾ വയ്ക്കുന്നത്. ട്രൂൺയാനീസ് വംശജരുടെ വിശുദ്ധ വൃക്ഷമായ ഇതിന് ആയിരത്തിലേറെ വർഷം പഴക്കമുണ്ടെന്നാണ് വിശ്വാസം. മരത്തിലെ സുഗന്ധം മൃതദേഹത്തിന്റെ ദുർഗന്ധത്തെ മറയ്ക്കുന്നതായും ഇവർ പറയുന്നു.അഴുകിയ ശേഷം തലയോട്ടി അടക്കമുള്ള അസ്ഥികൾ ശേഖരിച്ച് ഒരു ഭാഗത്ത് കൂട്ടി വയ്ക്കും.
ശരീരം അഴുകിത്തുടങ്ങുമ്പോൾ തന്നെ തലയോട്ടിയെടുത്ത് മരത്തിന്റെ അടുത്തുള്ള ഒരു ശിലയിൽ സ്ഥാപിക്കുകയാണ് പതിവ്. ഇതിന് സമീപം മറ്റൊരു ശ്മശാന ഭൂമി കൂടിയുണ്ട്. അവിടെ അവിവാഹിതരെയും കുട്ടികളെയും സംസ്കരിക്കാനുള്ള ഇടമാണ്.ഇതിന് അടുത്തുള്ള മൂന്നാമത്തെ ശ്മശാനത്തിൽ അസ്വഭാവികമായി മരിച്ചവരെ സംസ്കരിക്കും. വിവാഹിതരായവരുടെ മാത്രം മൃതദേഹമാണ് ആദ്യത്തെ ശ്മശാനത്തിൽ അഴുകാൻ സൂക്ഷിക്കുക. മറ്റുള്ളവരെയെല്ലാം കുഴിച്ചിടുകയാണ് പതിവ്.