കോഴിക്കോട്: നവവധുവിന് ഭര്‍തൃഗൃഹത്തിൽ മര്‍ദനമേറ്റെന്ന പരാതിയിൽ പ്രതിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു. പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം അടക്കം കുറ്റങ്ങൾ ചുമത്തി പന്തീരാങ്കാവ് പോലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുന്‍പാണ് ക്രൂരമർദനം അരങ്ങേറിയത്.
രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. അതേസമയം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി.
മുന്‍പ് ഗാര്‍ഹിക പീഡനക്കേസ് മാത്രം എടുത്ത് തന്റെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നത്. 26-ാം തിയതി പ്രതി വിദേശത്തേക്ക് പോകാനിരിക്കുന്നതിനാല്‍ ഉടനടി രാഹുലിനെ കണ്ടെത്താനാണ് പൊലീസ് ഊര്‍ജിത അന്വേഷണം നടത്തിവരുന്നത്. മര്‍ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും തലയിലും നെറ്റിയിലും മര്‍ദിച്ചെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. രാഹുല്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി പറഞ്ഞു. തന്നെ ഭര്‍ത്താവ് രാഹുല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും ആരും വഴക്കില്‍ ഇടപ്പെടില്ലെന്നും യുവതി പറഞ്ഞിരുന്നു.